മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ആറ് പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 557 ആയി. ഇന്ന് 212 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. 149 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്.

രാജ്യത്ത് ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 82,743 ആയി. ഇവരില്‍ 77,427 പേരും ഇതിനോടകം തന്നെ രോഗമുക്തരായിട്ടുണ്ട്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 93.6 ശതമാനമായി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 49 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇവരുള്‍പ്പെടെ 426 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. ഇവരില്‍ തന്നെ 153 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്.