ഒമാൻ ദേശീയ ദിനം ഇനി മുതല്‍ നവംബര്‍ 20, 21 തീയതികളില്‍. 

മസ്കറ്റ്: ഒമാന്‍ ദേശീയ ദിനം ഇനി രണ്ട് ദിവസം. നവംബര്‍ 20, 21 തീയതികള്‍ ഇനി മുതല്‍ എല്ലാ വര്‍ഷവും ഒമാന്‍റെ ദേശീയ ദിനമായി ആഘോഷിക്കുമെന്ന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് രാജകീയ ഉത്തരവിലൂടെ പ്രഖ്യാപിച്ചു.

ഒമാന്‍റെ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇനി രണ്ട് ദിവസം ആഘോഷം സംഘടിപ്പിക്കും. രാജകീയ ഉത്തരവ് നമ്പര്‍ 88/2022ലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് രാജകീയ ഉത്തരവ് നമ്പര്‍ 15/2025 പുറപ്പെടുവിച്ചത്. സുല്‍ത്താനേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് മേഖല, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, നിയമ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് ദേശീയ ദിന അവധി ബാധകമായിരിക്കും. 1744 മുതല്‍ ഇമാം സയ്യിദ് അഹമ്മദ് ബിന്‍ സയ്യിദ് അല്‍ ബുസൈദിയുടെ നേതൃത്വത്തിന് കീഴിൽ ഒമാനെ സേവിക്കാന്‍ അല്‍ ബുസൈദി കുടുംബം നിയോഗിക്കപ്പെട്ട ദിവസമാണ് ഒമാന്‍ ദേശീയ ദിനമായി ആഘോഷിക്കുന്നത്. ഒമാന്‍റെ ഏകീകരണത്തിനും, രാജ്യത്തിന്‍റെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും അന്തസ്സിനുമായി പോരാടുകയും വലിയ ത്യാഗങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.

Read Also -  48 വർഷത്തിന് ശേഷം കുവൈത്തിൽ ഗതാഗത നിയമത്തിൽ മാറ്റം; പുതിയ പരിഷ്കാരങ്ങൾ ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം