ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഫ്രാൻസിലെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് വൻ വരവേൽപ്പ്. പാരീസിലെ ഇൻവാലിഡ്‌സ് കൊട്ടാരത്തിൽ ഫ്രഞ്ച് സർക്കാരിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി ഔദ്യോഗിക സ്വീകരണം നൽകി.
പാരീസ്: ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഫ്രാൻസിലെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് വൻ വരവേൽപ്പ്. പാരീസിലെ പ്രസിദ്ധമായ ഇൻവാലിഡ്‌സ് കൊട്ടാരത്തിൽ ഇന്ന് രാവിലെ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നൽകി. സുൽത്താനെ വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം കൊട്ടാര മൈതാനത്തിലേക്ക് പ്രവേശിക്കുമ്പോൾ ഫ്രഞ്ച് റിപ്പബ്ലിക് ഗാർഡിന്റെ സൈക്കിൾ അകമ്പടി സംഘവും ഒപ്പമുണ്ടായിരുന്നു. കൊട്ടാരത്തിലെത്തിയപ്പോൾ ഫ്രാൻസ് വിദേശകാര്യ മന്ത്രിയായ ജീൻ-നോവൽ ബാറോ , പാരീസ് സൈനിക ഗവർണർ ലൂയിക് മേസോൺ എന്നിവർ സുൽത്താനെ സ്വീകരിച്ചു.
തുടർന്ന് ഗാർഡ് ഓഫ് ഓണർ കമാൻഡർ സൈനിക അഭിവാദ്യം അർപ്പിച്ച് ഔദ്യോഗിക വരവേൽപ്പ് ചടങ്ങുകൾ ആരംഭിക്കാൻ അനുമതി തേടി. ഇതിന് പിന്നാലെ ഒമാനിന്റെ ദേശീയഗാനവും ഫ്രാൻസിന്‍റെ ദേശീയഗാനവും ആലപിച്ചു. തുടർന്ന് സുൽത്താൻ സായുധ സേനയുടെ ഗാർഡ് ഓഫ് ഓണർ നിരീക്ഷിക്കുകയും ചെയ്തു. പിന്നീട് സുൽത്താൻ ഫ്രഞ്ച് സർക്കാരിന്റെ മുതിർന്ന പ്രതിനിധികളുമായി കൈകൊടുത്ത് അഭിവാദ്യം അറിയിച്ചു. വിദേശകാര്യ മന്ത്രി, സുൽത്താനെ അനുഗമിച്ചിരുന്ന ഒമാൻ ഔദ്യോഗിക സംഘാംഗങ്ങളെയും സ്വീകരിച്ചു.
രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഒമാൻ സുൽത്താൻ ഫ്രാൻസിലെത്തിയത്. തലസ്ഥാനമായ പാരിസിലെ ഓർലി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സുൽത്താൻ എത്തിയത്. വിമാനത്താവളത്തിൽ ഫ്രാൻസിന്റെ സാമ്പത്തിക, ധനകാര്യ, വ്യവസായ പരമാധികാരം, ഊർജം, ഡിജിറ്റൽ കാര്യങ്ങളുടെ മന്ത്രി റോളണ്ട് ലെസ്ക്യൂർ സുൽത്താനെ സ്വീകരിച്ചു. ഫ്രാൻസിലെ ഒമാൻ അംബാസഡർ അഹ്മദ് ബിൻ മുഹമ്മദ് അൽ അറൈമി, ഒമാനിലെ ഫ്രഞ്ച് അംബാസഡർ നബീൽ ഹജ്ലാവി, യുനെസ്കോയിലെ ഒമാന്റെ സ്ഥിരം പ്രതിനിധി അംബാസഡർ ആമിന ബിൻത് സാലിം അൽ ബലൂഷി, ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥർ, ഫ്രാൻസിലെ ഒമാൻ എംബസിയിലെ ഉദ്യോഗസ്ഥർ എന്നിവരും സ്വീകരണത്തിന് എത്തിയിരുന്നു.


