മസ്‌കത്ത് ഗവർണറേറ്റിലെ അൽഖോർ മസ്ജിദിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് രാവിലെ ഈദുൽ ഫിത്തർ നമസ്‌കാരത്തിന് എത്തി.

മസ്കറ്റ്: ആത്മവിശുദ്ധിയുടെ ചെറിയ പെരുന്നാള്‍ ആഘോഷിച്ച് ഒമാനിലെ സ്വദേശികളും പ്രവാസികളും. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്‍തമായി ഒമാനില്‍ ശനിയാഴ്ചയായിരുന്നു പെരുന്നാള്‍. മസ്‌കത്ത് ഗവർണറേറ്റിലെ അൽഖോർ മസ്ജിദിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് രാവിലെ ഈദുൽ ഫിത്തർ നമസ്‌കാരത്തിന് എത്തി.

ഒമാൻ സുൽത്താനോടൊപ്പം, രാജ്യത്തെ മന്ത്രി സഭയിലെ വിവിധ വകുപ്പുകളിലെ മന്ത്രിമാർ, വിലായത്തുകളിലെ അധികാരികൾ , ശൂറാ കൗൺസിൽ അംഗങ്ങൾ , ഒമാൻ സായുധ സേനകളുടെ കമാൻഡർമാർ, മറ്റ് സൈനിക, സുരക്ഷാ ഏജൻസികൾ, ഇസ്ലാമിക നയതന്ത്ര ദൗത്യങ്ങളുടെ തലവൻമാർ എന്നിവരും ഈദു ഫിത്തർ നമസ്‍കാരം നടത്തി.

ചെറിയ പെരുന്നാള്‍ പ്രമാണിച്ചു ഒമാനില്‍ രാജ്യത്ത് വാരാന്ത്യ ദിനങ്ങള്‍ അടക്കം അഞ്ച് ദിവസം പൊതു അവധിയും 89 വിദേശികൾക്കുൾപ്പെടെ 198 തടവുകാർക്ക് മോചനവും ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് പ്രഖ്യാപിച്ചിട്ടുണ്ട്. അവധിക്കു ശേഷം ചൊവ്വാഴ്ച ഏപ്രിൽ 25 മുതൽ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിച്ചു തുടങ്ങും.

Read also: പെരുന്നാളാഘോഷം; സൗദിയിൽ മൂന്ന് ദിവസം കരിമരുന്ന് പ്രയോഗം