കുത്തിവെയ്പ് എടുക്കാത്തവര്‍ക്കും പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും പൊതു നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മസ്ജിദുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും കൂട്ടായ നോയമ്പ്  തുറകള്‍  ഒരുക്കുന്നതും നിരോധിച്ചിട്ടുണ്ട്.

മസ്‌കറ്റ്: റമദാന്‍ മാസത്തില്‍ കൊവിഡ് 19നെ പ്രതിരോധിക്കുവാനുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഒമാന്‍ സുപ്രിം കമ്മറ്റി പുറത്തിറക്കി. തറാവീഹ് പ്രാര്‍ത്ഥനകള്‍ ഉള്‍പ്പെടെയുള്ള എല്ലാ നമസ്‌കാരങ്ങള്‍ക്കും കൊവിഡ് -19 വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ പങ്കെടുക്കുവാന്‍ അനുവാദമുള്ളൂ.

കുത്തിവെയ്പ് എടുക്കാത്തവര്‍ക്കും പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും പൊതു നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മസ്ജിദുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും കൂട്ടായ നോയമ്പ് തുറകള്‍ ഒരുക്കുന്നതും നിരോധിച്ചിട്ടുണ്ട്. പള്ളികള്‍ ഉള്‍പ്പെടെ അടച്ചിട്ട സ്ഥലങ്ങളില്‍ ശാരീരിക അകലം പാലിക്കണമെന്നും , മാസ്‌ക്കുകള്‍ നിര്‍ബന്ധമായും ധരിക്കണമെന്നും ഒമാന്‍ സുപ്രിം കമ്മറ്റിയുടെ അറിയിപ്പില്‍ പറയുന്നു. അന്തര്‍ദേശീയവും പ്രാദേശികവുമായ കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍, പൊതു സ്വഭാവത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ 70 ശതമാനം ശേഷിയില്‍ തുടരുവാനും സുപ്രിം കമ്മറ്റി അനുവദിച്ചിട്ടുണ്ട്.

റമദാന്‍; മക്കയില്‍ വിശ്വാസികള്‍ക്ക് വൈദ്യ പരിചരണത്തിന് 92 ആശുപത്രികള്‍

റിയാദ്: റമദാനില്‍ പുണ്യഭൂമിയിലെത്തുന്ന തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കും ആരോഗ്യ പരിചരണങ്ങള്‍ നല്‍കാന്‍ 92 ആശുപത്രികള്‍ ഒരുക്കിയതായി മക്കയിലെ ആരോഗ്യ വകുപ്പ് അറിയിച്ചു. 10 വലിയ ആശുപത്രികളും 82 ഹെല്‍ത്ത് സെന്ററുകളും മുഴുവന്‍ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അല്‍ഹറം ആശുപത്രിയും എമര്‍ജന്‍സി സെന്ററുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കും.

വിശുദ്ധ ഹറമിന്റെ വടക്കു ഭാഗത്ത് കിംഗ് അബ്ദുല്ല ഗെയ്റ്റിനു മുന്നിലാണ് അല്‍ഹറം ആശുപത്രിയുള്ളത്. ഹറമിനകത്ത് വിവിധ ഭാഗങ്ങളിലായി മൂന്നു എമര്‍ജന്‍സി സെന്ററുകളും പ്രവര്‍ത്തിക്കുന്നു. അടിയന്തര കേസുകള്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ എല്ലാവിധ നൂതന സജ്ജീകരണങ്ങളും എമര്‍ജന്‍സി സെന്ററുകളിലുണ്ട്. വിശ്വാസികള്‍ക്കും തീര്‍ഥാടകര്‍ക്കും പ്രാഥമിക ആരോഗ്യ പരിചരണങ്ങള്‍ നല്‍കുന്നതിന് അഞ്ചു മൊബൈല്‍ ക്ലിനിക്കുകളും റമദാനില്‍ ആരംഭിക്കും. മെഡിക്കല്‍ ജീവനക്കാരും ആവശ്യമായ സജ്ജീകരണങ്ങളോടെയുമുള്ള മൊബൈല്‍ ക്ലിനിക്കുകള്‍ വിശുദ്ധ ഹറമിനു സമീപ പ്രദേശങ്ങളിലും മക്കയുടെ പ്രവേശന കവാടങ്ങളിലുമായാണ് പ്രവര്‍ത്തിക്കുക.

പ്രധാന ആശുപത്രികളിലെ മുഴുവന്‍ വിഭാഗങ്ങളും ഹെല്‍ത്ത് സെന്ററുകളും ആറു മണിക്കൂര്‍ നീളുന്ന നാലു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കും. അടിയന്തര കേസുകള്‍ സ്വീകരിച്ച് ചികിത്സകളും പരിചരണങ്ങളും നല്‍കാന്‍ അത്യാഹിത വിഭാഗങ്ങളിലെ കിടക്കകളുടെ എണ്ണവും സുസജ്ജതയും ഉയര്‍ത്തിയിട്ടുണ്ട്. കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ഹൃദയ, മസ്തിഷ്‌ക ആഘാത കേസുകള്‍ സ്വീകരിച്ച് ചികിത്സകള്‍ നല്‍കും. അല്‍നൂര്‍ സ്പെഷ്യലിസ്റ്റ് ആശുപത്രി, കിംഗ് ഫൈസല്‍ ആശുപത്രി, കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി, ഹിറാ ജനറല്‍ ആശുപത്രി, ബിന്‍ സീനാ ആശുപത്രി, അജ്യാദ് ആശുപത്രി, മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍ ആശുപത്രി, ഉത്തര മക്കയിലെ ഖുലൈസ് ആശുപത്രി, അല്‍കാമില്‍ ആശുപത്രി എന്നിവയിലെ അത്യാഹിത വിഭാഗങ്ങള്‍ വഴി മുഴുവന്‍ കേസുകളും സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.