മസ്‌കറ്റ്: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പൗരന്‍മാരുടെയും പ്രവാസികളുടെയും രോഗപ്രതിരോധ ശേഷി അറിയാന്‍ സര്‍വേയുമായി ഒമാന്‍. രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ ആളുകളുടെ രോഗപ്രതിരോധ ശേഷിയുടെ ശതമാനം അറിയുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ സര്‍വ്വേ സംഘടിപ്പിക്കുന്നത്.

രോഗപ്രതിരോധ ശേഷി കൂടുതലുള്ള ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങളിലെ ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍, നഴ്‌സറികള്‍, പാര്‍ക്കുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ വീണ്ടും തുറക്കുന്നത് സംബന്ധിച്ച് ശരിയായ തീരുമാനമെടുക്കാന്‍ ദേശീയ സര്‍വേ സഹായിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ടൈംസ് ഓഫ് ഒമാന്‍' റിപ്പോര്‍ട്ട് ചെയ്തു.

രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികളെടുക്കാനും സര്‍വേ സഹായിക്കുമെന്നാണ് പ്രതീക്ഷ. നാല് ഘട്ടങ്ങളിലായി നടക്കുന്ന സര്‍വേയ്ക്ക് ആരോഗ്യ മന്ത്രാലയം നേതൃത്വം നല്‍കും. അഞ്ച് ദിവസങ്ങളിലാണ് ഓരോ ഘട്ടങ്ങളിലും സര്‍വേ നടത്തുക. ഓരോ ഘട്ടങ്ങള്‍ക്കുമിടയില്‍ ഒന്ന് മുതല്‍ രണ്ടാഴ്ച വരെ ഇടവേളയുണ്ടാകും. ഒരു ഘട്ടത്തില്‍ 4000 രക്ത സാമ്പിളുകള്‍ വരെ പരിശോധിക്കും. ഒരു ഗവര്‍ണറേറ്റില്‍ നിന്ന് 300 മുതല്‍ 400 സാമ്പിളുകള്‍ വരെ ശേഖരിക്കും. 10 ആഴ്ച കൊണ്ട് 20,000 സാമ്പിളുകള്‍ വരെ ഇത്തരത്തില്‍ ശേഖരിക്കും. എല്ലാ പ്രായപരിധിയിലുള്ളവരെയും സര്‍വേയില്‍ പങ്കെടുപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.