ബദര്‍ അല്‍ സാമ ആശുപത്രിയുടെ റൂവി, അല്‍ ഖൂദ് ശാഖകളില്‍ രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയായിരിക്കും വാക്‌സിനേഷന്‍ ലഭ്യമാകുക.

മസ്‌കറ്റ്: ഒമാനില്‍ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നാളെ മുതല്‍ കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് നല്കിത്തുടങ്ങും. നാളെ ജൂണ്‍ 28 മുതല്‍ സ്വകാര്യ മേഖലയില്‍ സേവനമനുഷ്ഠിച്ചു വരുന്ന ആരോഗ്യ പ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ദന്ത വിദഗ്ദ്ധര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവര്‍ക്ക് പുറമെ, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്പുട്‌നിക്ക് വാക്‌സിന്റെ രണ്ടാം ഡോസ് നല്‍കി തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

ബദര്‍ അല്‍ സാമ ആശുപത്രിയുടെ റൂവി, അല്‍ ഖൂദ് ശാഖകളില്‍ രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയായിരിക്കും വാക്‌സിനേഷന്‍ ലഭ്യമാകുക. വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ റസിഡന്റ് കാര്‍ഡും ഒപ്പം ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുള്ള തങ്ങളുടെ ലൈസന്‍സും കരുതിയിരിക്കണമെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നുണ്ട്. സ്വകാര്യ ആരോഗ്യമേഖലയിലെ മറ്റു ജീവനക്കാരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അറിയിപ്പില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona