മസ്‍കത്ത്: മധുര പാനീയങ്ങള്‍ക്ക് 50 ശതമാനം എക്സൈസ് തീരുവ ഏര്‍പ്പെടുത്തി ഒമാന്‍. ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ നികുതി പ്രാബല്യത്തില്‍ വരും. നികുതി ബാധകമാവുന്ന ജ്യൂസുകള്‍, ഫ്രൂട്ട് ഡ്രിങ്കുകള്‍, എനര്‍ജി - സ്‍പോര്‍ട്സ് ഡ്രിങ്കുകള്‍, കാന്‍ഡ് കോഫി-ടീ എന്നിവ അടക്കമുള്ളയുടെ വിവരങ്ങള്‍ ജൂണില്‍ തന്നെ ഒമാന്‍ ടാക്സ് അതോരിറ്റി പുറത്തുവിട്ടിരുന്നു.

പഞ്ചസാരയോ മറ്റ് മധുര വസ്‍തുക്കളോ ചേര്‍ക്കുന്ന റെഡി റ്റു ഡ്രിങ്ക് ഉത്പ്പന്നങ്ങള്‍, കോണ്‍സണ്‍ട്രേറ്റുകള്‍, ജെല്ലുകള്‍, പൗഡറുകള്‍, എക്സ്ട്രാറ്റുകള്‍ എന്നിങ്ങനെ മധുരപാനീയങ്ങളാക്കി മാറ്റാവുന്ന എല്ലാത്തരം ഉത്പന്നങ്ങള്‍ക്കും ഒക്ടോബര്‍ ഒന്നു മുതല്‍ 50 ശതമാനം നികുതി ബാധകമാണ്. എന്നാല്‍ 100 ശതമാനവും പ്രകൃതിദത്തമായ പഴങ്ങളോ പച്ചക്കറികളോ പാലോ ഉപയോഗിച്ച് തയ്യാറാക്കുന്ന ജ്യൂസുകള്‍, 75 ശതമാനമെങ്കിലും പാല്‍ അടങ്ങിയ ഉത്പ്പന്നങ്ങള്‍, ന്യുട്രീഷന്‍ സപ്ലിമെന്റുകള്‍, പ്രത്യേക പോഷണത്തിനോ ചികിത്സയ്ക്കോ ഉപയോഗിക്കുന്ന പാനീയങ്ങള്‍ തുടങ്ങിയവയെ നികുതി വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കാര്‍ബണേറ്റഡ് പാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, പുകയില മദ്യം തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് 2019 ജൂണ്‍ 15 മുതല്‍ തന്നെ രാജ്യത്ത് പ്രത്യേക നികുതി ഈടാക്കുന്നുണ്ട്. നികുതി വരുമാനത്തിനപ്പുറം ആരോഗ്യപരമായ കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഈ തീരുമാനം. കുട്ടികളിലടക്കം അമിതവണ്ണം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന മധുര ഉത്പ്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കനായി വലിയ നികുതി ചുമത്തുന്നത് പോലുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശവുമുണ്ട്. മധുരപാനീയങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുന്ന മൂന്നാമത്തെ ഗള്‍ഫ് രാജ്യമാണ് ഒമാന്‍. നേരത്തെ സൗദി അറേബ്യയും യുഎഇയും സമാനമായ നികുതികള്‍ കൊണ്ടുവന്നിട്ടുണ്ട്.