മസ്‌കറ്റ്: ഒമാനില്‍ നവംബര്‍ 15ന് രാജ്യത്ത് പള്ളികള്‍ വീണ്ടും തുറക്കുവാനുള്ള നടപടിക്രമങ്ങള്‍ ഒമാന്‍  മതകാര്യ മന്ത്രാലയം പുറത്തിറക്കി. അഞ്ച് നേരത്തെ നമസ്‌കാര സമയത്ത് മാത്രമേ പള്ളികള്‍ തുറക്കുവാന്‍ അനുവാദം നല്‍കിയിട്ടുള്ളൂ. നമസ്‌കാരത്തിനായുള്ള ബാങ്ക് വിളിക്കുന്നതുള്‍പ്പെടെ 25 മിനിറ്റിനുള്ളില്‍ നമസ്‌കാരവും മറ്റും പൂര്‍ത്തികരിച്ച് വിശ്വാസികള്‍ മസ്ജിദിന് പുറത്ത് പോകണം.

എന്നാല്‍ ജുമാ നമസ്‌കാരം  അനുവദിച്ചിട്ടില്ല. മസ്ജിദുകളില്‍ വരുന്നവര്‍ വിശുദ്ധ ഖുറാനോ പള്ളിക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റ് പുസ്തകങ്ങളോ ഉപയോഗിക്കാന്‍ അനുവാദമില്ല. നമസ്‌കരിക്കുന്നതിന് സ്വന്തമായി പായ കൊണ്ടുവരണം. മൂത്രപ്പുര, ശുചി മുറികള്‍ എന്നിവ അടച്ചിടണം. കുടിവെള്ള ശീതീകരണ റഫ്രിജറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുള്ളതല്ല. പള്ളിക്കുള്ളില്‍ പ്രവേശിക്കുമ്പോഴും തിരികെ പുറത്ത് വരുമ്പോഴും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം .

നമസ്‌കാരത്തിന് മസ്ജിദുകളില്‍ എത്തുന്നവര്‍  നിര്‍ബന്ധമായും  മുഖാവരണം  ധരിച്ചിരിക്കണം. ആരാധകര്‍ക്കിടയില്‍ കുറഞ്ഞത് ഒന്നര മീറ്ററെങ്കിലും ശാരീരിക അകലം പാലിക്കണം. കൊവിഡ് 19ന്റെ  രോഗലക്ഷണങ്ങള്‍ ഉള്ളവരോ കൊവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തവര്‍ മസ്ജിദുകളില്‍ വരുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്നും മന്ത്രാലയത്തിന്റെ നടപടിക്രമത്തില്‍ പറയുന്നു. പള്ളികള്‍ തുറക്കാനുള്ള തീരുമാനം സുപ്രീം കമ്മിറ്റി കൈക്കൊണ്ട ശേഷമാകും ഈ  നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍  വരുകയെന്നും മന്ത്രാലയം ഇന്ന് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.