ഒമാനിൽ അതിമാരകമായ വിഷാംശമുള്ള പഫർ ഫിഷുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനും എതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര കേന്ദ്രം കർശന മുന്നറിയിപ്പ് നൽകി. പാകം ചെയ്താലോ ഫ്രീസ് ചെയ്താലോ വിഷാംശം നശിക്കാത്ത ഈ മീനുകൾ മാരകമായ രോഗലക്ഷണങ്ങൾക്കും മരണത്തിനും കാരണമാകും. അധികൃതർ തിരിച്ചറിഞ്ഞ 12 വിഷ സ്പീഷീസുകൾ പൂർണ്ണമായി ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്.
മസ്കറ്റ്: ഒമാനിൽ അതിമാരകമായ വിഷാംശമുള്ള പഫർ ഫിഷുകൾ വാങ്ങി ഉപയോഗിക്കുന്നതിനും വിൽപ്പന നടത്തുന്നതിനുമെതിരെ കർശന ജാഗ്രതാ നിർദ്ദേശവുമായി ഭക്ഷ്യ സുരക്ഷാ ഗുണനിലവാര കേന്ദ്രം. ഇത്തരം മീനുകൾ കഴിക്കുന്നത് വഴി മാരകമായ രോഗലക്ഷണങ്ങളും മരണവും വരെ സംഭവിച്ചേക്കാം. സാധാരണ പോലെ പാകം ചെയ്യുകയോ ഫ്രീസ് ചെയ്യുകയോ ചെയ്താലും ഇതിലെ വിഷാംശം മാറില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിഷാംശമുള്ള 12 സ്പീഷീസിൽപ്പെട്ട പഫർ ഫിഷുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയുടെ ഉപയോഗവും വ്യാപാരവും പൂർണ്ണമായി ഒഴിവാക്കണമെന്ന് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
അതിമാരക വിഷമുള്ള പ്രധാന പഫർ ഫിഷ് സ്പീഷീസുകൾ
- അരോത്രോൺ ഹിസ്പിഡസ്
- അരോത്രോൺ നൈഗ്രോപൻക്റ്റാറ്റസ്
- ക്യാന്തിഗാസ്റ്റർ വലന്റൈനി
- അരോത്രോൺ ഇമ്മാകുലാറ്റസ്
- ചെലോനോഡൺ പടോക്ക
- ഡിയോഡൺ ലിറ്റുറോസസ്
- അരോത്രോൺ
- ലാഗോസെഫാലസ് ലുനാരിസ്
- ഡിയോഡൺ ഹിസ്ട്രിക്സ്
- അരോത്രോൺ മെലിയാഗ്രിസ്
- ലാഗോസെഫാലസ് സ്കെലെറാറ്റസ്
- ഡിയോഡൺ ഹൊലോകാന്തസ്
രോഗലക്ഷണങ്ങൾ
ഈ മീനുകൾ കഴിച്ചാൽ ശരീരത്തിൽ മരവിപ്പ്, ഛർദ്ദി, പേശികളുടെ ബലഹീനത, തളർവാതം, ഗുരുതരമായ ശ്വാസതടസ്സം എന്നിവ ഉണ്ടാകാം. റെഡ് ടൈഡ് (ചുവപ്പ് വേലിയേറ്റം/അൽഗകൾ പെരുകുന്ന അവസ്ഥ) കാണപ്പെടുന്ന തീരങ്ങളിൽ നിന്ന് മീനുകളോ കക്ക വർഗ്ഗങ്ങളോ പിടിക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ശരിയായ രീതിയിൽ തണുപ്പിച്ച് സൂക്ഷിക്കാത്ത മീനുകളിൽ ഹിസ്റ്റമിൻ വിഷബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.


