മസ്‍കത്ത്: ജീവനക്കാരുടെ ശമ്പളവും  മറ്റു അനൂകൂല്യങ്ങളും  വെട്ടികുറക്കുന്ന   സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ വർക്കേഴ്സ്  യൂണിയൻ.  സ്ഥാപനങ്ങളിലെ  ജീവനക്കാർക്കും  തൊഴിലാളികൾക്കും കൃത്യമായ വേതനം ഉറപ്പു വരുത്തണമെന്നാണ് ഒമാനിലെ തൊഴിലാളി സംഘടനയുടെ ആവശ്യം. കൊവിഡ് പ്രതിസന്ധി കാരണം ശമ്പളം വെട്ടിക്കുറച്ച സ്ഥാപനങ്ങളോടാണ് ജനറൽ ഫെഡറേഷൻ  ഓഫ് ഒമാൻ വർക്കേഴ്സ്  യൂണിയന്റെ മുന്നറിയിപ്പ്. രാജ്യത്ത് ശമ്പളവും മറ്റ് അനൂകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതായും സംഘടന ആരോപിച്ചു.

കഴിഞ്ഞ ഒരാഴ്ചയിൽ സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നുമായി 80 പരാതികളാണ് തൊഴിൽ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. അതിൽ 59 പരാതികളും മസ്കത്ത് ഗവര്‍ണറേറ്റിൽ നിന്ന് മാത്രമുള്ളതാണ്. കൊവിഡ്  പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പല സ്വകാര്യ കമ്പനികളും തൊഴിലാളികളുടെ മാർച്ച് മാസത്തെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനു പുറമെ, ശമ്പളമില്ലാതെ അവധിയെടുക്കുവാൻ ജീവനക്കാരെ നിർബന്ധിക്കുക, നിർമാണ മേഖലയിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക, ലോക്ക് ഡൌൺ കാലഘട്ടത്തിലെ  ദിനങ്ങൾ വാർഷിക അവധിയിൽ നിന്നും കുറക്കുക, കാരണം കൂടാതെ തൊഴിലിൽ നിന്നും പിരിച്ചു വിടുക തുടങ്ങിയ തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരെയും പരാതികൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

പരാതികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സഹചര്യത്തിലാണ് ജനറൽ ഫെഡറേഷൻ  ഓഫ് ഒമാൻ വർക്കേഴ്സ് യൂണിയൻ ജീവനക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുവാൻ രംഗത്തെത്തിയിരിക്കുന്നത്. നിർമാണ മേഖലയിലെ  തൊഴിലാളികളുടെ ഭക്ഷണം, ചികിത്സ,  ജോലി സ്ഥലങ്ങളിലെയും  താമസ സ്ഥലങ്ങളിലെയും ശുചിത്വവും  സുരക്ഷയും ഉറപ്പു വരുത്തുവാനും ഒമാൻ വർക്കേഴ്സ് യൂണിയൻ സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് 19  പ്രതിരോധിക്കുന്നതിന് ഒമാൻ ആരോഗ്യ മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ തൊഴിലാളികൾ പാലിക്കുന്നുവെന്നു ഉറപ്പു വരുത്തണമെന്നും  ഒമാൻ വർക്കേഴ്സ് യൂണിയന്‍ സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.