ഒരു ട്രക്ക് അതിന് തൊട്ട് മുന്നില്‍ പോവുകയായിരുന്ന ബസിലാണ് ആദ്യം ഇടിച്ചത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി, സിമന്റും ഇഷ്ടികയും കയറ്റിയിരുന്ന മറ്റൊരു ട്രക്കുമായും മറ്റ് നാല് വാഹനങ്ങളുമായും ഇടിച്ചു.
ദുബൈ: ദുബൈയില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അല്‍ റാഷിദിയ ബ്രിഡ്ജിന് സമീപമാണ് ദാരുണമായ അപകടമുണ്ടായതെന്ന് ദുബൈ പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസവുമുണ്ടായി.
രണ്ട് ട്രക്കുകളും നാല് ചെറു വാഹനങ്ങളുമാണ് കൂട്ടിയിടിച്ചത്. ഒരു കാറിലെ ഡ്രൈവര്‍ക്ക് ജീവന്‍ നഷ്ടമായി. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകട കാരണമായതെന്ന് പൊലീസ് അറിയിച്ചു. ഒരു ട്രക്ക് അതിന് തൊട്ട് മുന്നില്‍ പോവുകയായിരുന്ന ബസിലാണ് ആദ്യം ഇടിച്ചത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി, സിമന്റും ഇഷ്ടികയും കയറ്റിയിരുന്ന മറ്റൊരു ട്രക്കുമായും മറ്റ് നാല് വാഹനങ്ങളുമായും ഇടിച്ചു. അപകടത്തെ തുടര്‍ന്ന് റോഡില്‍ വലിയ ഗതാഗതക്കുരുക്കുണ്ടായതായി ദുബൈ പൊലീസ് ജനറല്‍ ട്രാഫിക് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂഇ പറഞ്ഞു.
അപകടം സംബന്ധിച്ച വിവരം ലഭിച്ചപ്പോള്‍ തന്നെ പൊലീസ് പട്രോള്‍ സംഘങ്ങളും മറ്റ് വിഭാഗങ്ങളും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്ന് പൊലീസ് അറിയിച്ചു. സുരക്ഷിതമായ അകലം പാലിക്കാതെ വാഹനങ്ങള്‍ ഓടിക്കുന്നതാണ് നിരവധി അപകടങ്ങള്‍ക്ക് കാരണമാവുന്നതെന്നും ഈ വര്‍ഷം തുടക്കം മുതല്‍ ഇത്തരത്തിലുള്ള 538 അപകടങ്ങള്‍ ദുബൈ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അല്‍ മസ്റൂഇ പറഞ്ഞു. പത്ത് പേര്‍ക്ക് ഇത്തരം സംഭവങ്ങളില്‍ ജീവന്‍ നഷ്ടമാവുകയും 367 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മതിയായ അകലം പാലിക്കാതെ വാഹനം ഓടിക്കുന്നതിന് ദുബൈയില്‍ 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ശിക്ഷ ലഭിക്കും.
