ദുബായ്: കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മരിച്ച എട്ടുപേരില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്ന് സ്ഥിരീകരിച്ചു. മറ്റ് ആറുപേര്‍ നേപ്പാള്‍ പൗരന്മാരും ഡ്രൈവര്‍ പാകിസ്ഥാന്‍ പൗരനുമാണ്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആറ് പേരില്‍ അഞ്ച് പേരും ഇന്ത്യക്കാരാണ്. ഒരു ബംഗ്ലാദേശി പൗരനും ഇവര്‍ക്കൊപ്പം എമര്‍ജന്‍സി വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. 

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4.54നായിരുന്നു അപകടം. ദുബായ് - ഷാര്‍ജ റോഡില്‍ മിര്‍ദിഫ് സിറ്റി സെന്റര്‍ എക്സിറ്റിന് സമീപത്തുവെച്ച് മിനിബസ്, ഹെവി ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നുവെന്നും ഇതിലേക്കാണ് 14 സീറ്റുകളുള്ള മിനിബസ് ഇടിച്ചുകയറിയതെന്നും ദുബായ് പൊലീസ് അറിയിച്ചു. മിനി ബസ് ഡ്രൈവറും ഏഴ് യാത്രക്കാരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.