റിയാദ്: കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ദമ്മാമിൽ മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുപള്ളി സ്വദേശി ഈരക്കാമയിൽ ബെന്നി (53) ആണ് മരിച്ചത്. ദമ്മാം മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു. മറ്റ് നിരവധി രോഗങ്ങൾ അലട്ടിയിരുന്ന ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനയിൽ തന്നെ നില ഗുരുതരമാണന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. 

വെന്റിലേറ്ററിൽ ഒരാഴ്ചയിലധികം കിടന്നതിന് ശേഷമാണ് തിങ്കളാഴ്ച പുലർച്ചെ ബെന്നി മരണത്തിന് കീഴടങ്ങിയത്. ദമ്മാമിലെ പ്രമുഖ പൈപ്പ് നിർമാണ കമ്പനിയിലെ ജീവനക്കാരനായിരുന്നു. 27 വർഷമായി പ്രവാസിയാണ്. ഭാര്യ: ടെസി. മകള്‍ മേബിൽ. സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലെ ക്യാമ്പിൽ ക്വാറന്റീനിൽ ആയിരുന്ന ഇദ്ദേഹത്തെ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ ഇടപെടലിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.