മക്ക റോയൽ കമ്മീഷന്റെ മേൽനോട്ടത്തിൽ ജബലുന്നൂറിലെ ഹിറ കൾചറൽ ഡിസ്ട്രിക്ടിലാണ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്
മക്ക: സൗദി അറേബ്യ സന്ദർശിക്കാനെത്തുന്ന വിശ്വാസികൾ തീർച്ചയായും പോയിരിക്കേണ്ട ഇടങ്ങളുടെ പട്ടികയിലേക്ക് ഒരു ഇടം കൂടിയെത്തി. ഇസ്ലാമിക ചരിത്രത്തിന്റെയും വിശുദ്ധ ഖുർആന്റെ പൈതൃകത്തിന്റെയും സ്മരണകൾ ഉണർത്തുന്നതിനായി മക്കയിൽ ഖുർആൻ മ്യൂസിയം ആരംഭിച്ചു. മക്ക പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് ആണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്. മക്ക റോയൽ കമ്മീഷന്റെ മേൽനോട്ടത്തിൽ ജബലുന്നൂറിലെ ഹിറ കൾചറൽ ഡിസ്ട്രിക്ടിലാണ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്.
ഖുർആന്റെ അപൂർവ്വ കൈയെഴുത്ത് പ്രതികൾ, ചരിത്ര പകർപ്പുകൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇന്ററാക്ടീവ് ഡിസ്പ്ലേ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ഖുർ ആൻ ചരിത്രവും അതിന്റെ സംരക്ഷണവും സന്ദർശകർക്ക് തൊട്ടറിയാൻ സാധിക്കും. മൂന്നാം ഖലീഫയായ ഉസ്മാൻ ബിൻ അഫാന്റെ ഖുർആൻ കെയെഴുത്ത് പ്രതിയുടെ പകർപ്പും ഖുർആൻ വാക്യങ്ങളുടെ ശിലാ ലിഖിതങ്ങളും ഈ മ്യൂസിയത്തിന്റെ ശേഖരങ്ങളിൽ ഉൾപ്പെടുന്നു. റമാദാനിലുടനീളം വിശുദ്ധ ഖുർ ആൻ മ്യൂസിയം തുറന്ന് പ്രവർത്തിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചിട്ടുണ്ട്.
read more: ഉമ്മുൽഖുവൈനിലെ വ്യാവസായിക മേഖലയിൽ തീപിടുത്തം, ഫാക്ടറിയിലുണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിച്ചു
മക്കയുടെ ചരിത്രവും ആത്മീയതയും അനുഭവിച്ചറിയാൻ കഴിയുന്ന പ്രത്യേകയിടമാണ് 67,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഹിറ കൾച്ചറൽ ഡിസിട്രിക്ട്. പ്രവാചകൻ മുഹമ്മദ് നബിക്ക് ആദ്യ ദിവ്യവെളിപാട് ഇറങ്ങിയ ഹിറാ ഗുഹ കേന്ദ്രീകരിച്ച് മതപരമായ അനുഭവം സ്ന്ദർശകർക്ക് ലഭിക്കാനുള്ള അവസരവും ഹിറ കൾച്ചറൽ ഡിസിട്രിക്ട് പദ്ധതിയിൽ ഒരുക്കിയിട്ടുണ്ട്. സൗദി കോഫി മ്യൂസിയം, കൾച്ചറൽ ലൈബ്രറി, ഹിറ പാർക്ക് എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
