ഗതാഗത സംവിധാനങ്ങളില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പറക്കും ടാക്സികള്‍ക്ക് ഗതാഗതക്കുരുക്കളോ വഴിയിലെ മറ്റ് തടസ്സങ്ങളോ പ്രശ്നമാവില്ലെന്നതാണ് പ്രധാന സവിശേഷത.
ദോഹ: അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പറക്കും ടാക്സി സംവിധാനം ഖത്തര്‍ വിജയികരമായി പരീക്ഷിച്ചു. 5ജി സംവിധാനം ഉപയോഗിക്കുന്ന ഡ്രൈവറില്ലാത്ത പറക്കും ഡ്രോണുകള്‍ ഉറീഡു കമ്പനിയാണ് ഖത്തറില്‍ അവതരിപ്പിച്ചത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗതയില്‍ പറക്കുന്ന ഇവയില്‍ രണ്ട് പേര്‍ക്ക് സഞ്ചരിക്കാം. ഒറ്റയടിക്ക് 20 മിനിറ്റ് വരെ പറക്കാനാവും എന്ന പ്രത്യേകതയുമുണ്ട്.
പറക്കും ടാക്സിക്ക് പുറമെ ഉറീഡുവിന്റെ 5ജി നെറ്റ്‍വര്‍ക്ക് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 5ജി ബസ്, 5ജി ഹൗസ്ബോട്ട് എന്നിവയും ഖത്തറില്‍ ഇന്ന് അവതരിപ്പിച്ചു. ഗതാഗത സംവിധാനങ്ങളില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പറക്കും ടാക്സികള്‍ക്ക് ഗതാഗതക്കുരുക്കളോ വഴിയിലെ മറ്റ് തടസ്സങ്ങളോ പ്രശ്നമാവില്ലെന്നതാണ് പ്രധാന സവിശേഷത. യാത്രക്കാരെ സുരക്ഷിതമായി എത്തേണ്ട സ്ഥാനങ്ങളിലെത്തിക്കും. ഊബര്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഈ മേഖലയില്‍ ഗവേഷണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകവേയാണ് ഖത്തര്‍ ഇന്ന് ദോഹയിലെ ദ പേളില്‍ വിജയികരമായി ഇവ പരീക്ഷിച്ചത്.
സെക്കന്റില്‍ 2.6ജിബി വരെ വേഗത ലഭിക്കുന്ന 5ജി നെറ്റ്‍വര്‍ക്കായിരിക്കും ഉറീഡു ഖത്തറില്‍ അവതരിപ്പിക്കുന്നത്. ഇത് ഉപയോഗിച്ചാണ് ഇത്തരം സംവിധാനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഈ രംഗത്ത് ഖത്തര്‍ വലിയ കുതിച്ചുചാട്ടം തന്നെ നടത്തുമെന്ന് ഉറീഡു ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ വലീദ് അല്‍ സഈദ് അഭിപ്രായപ്പെട്ടു.വിനോദ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങളായിരിക്കും 5ജി സാങ്കേതികവിദ്യ ലഭ്യമാക്കുക. 8കെ വെർച്വൽ റിയാലിറ്റി, അൾട്രാ റിയലിസ്റ്റിക് ഗെയിമുകൾ തുടങ്ങി ഒട്ടേറെ നൂതന സംവിധാനങ്ങൾ 5ജി സാങ്കേതികവിദ്യയിൽ ഖത്തറിൽ ലഭ്യമാക്കാൻ ഉറീഡൂ ലക്ഷ്യമിടുന്നു. ഉപഭോക്താക്കൾക്കു 5ജി സേവനം ലഭ്യമാക്കുന്ന ലോകത്തെ തന്നെ ആദ്യ നെറ്റ്‌വർക്കാണ് ഉറീഡൂ.
