ഖത്തർ ആഭ്യന്തര സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദോഹ: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് ലോ​ക​ത്തി​ന് മു​മ്പാ​കെ ബോ​ധ്യ​പ്പെ​ടു​ത്തി സ​ർ​വ​ക​ക്ഷി പ്രതിനിധി സം​ഘ​ത്തി​ന്റെ ഖ​ത്ത​ർ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി. എ​ൻസി.പി നേ​താ​വും പാ​ർ​ല​മെ​ന്റ് അം​ഗ​വു​മാ​യ സു​പ്രി​യ സു​ലെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒമ്പത് അംഗ സം​ഘ​ത്തി​ന്റെ സന്ദർശനത്തിൽ ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​യി ച​ർ​ച്ച​ക​ളും, ഉ​ന്ന​ത​ത​ല കൂ​ടി​ക്കാ​ഴ്ച​ക​ളും നടത്തി. ഖത്തറിലെ കൂടിക്കാഴ്ചകൾ ഫലപ്രദമായിരുന്നുവെന്ന് സുപ്രിയ സുലെ എംപി വ്യക്തമാക്കി.

രണ്ട് ദിവസത്തെ സന്ദർശനത്തിൽ ഖത്തർ ആഭ്യന്തര സഹമന്ത്രി ശൈഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് അൽതാനി, വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി എന്നിവരുമായും ശൂറ കൗൺസിൽ അംഗങ്ങളുമായും ഇന്ത്യൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. ഖത്തറിലെ മാധ്യമങ്ങളുമായും അക്കാദമിക മേഖലയിലുള്ളവരുമായും സംഘം സംവദിച്ചു.

മ​ന്ത്രി​മാ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ൾ ഫ​ല​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്നും, ക​ഴി​ഞ്ഞ നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ലം രാ​ജ്യം നേ​രി​ടു​ന്ന അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​വാ​ദ​ത്തി​ന്റെ ദു​ര​ന്ത​ഫ​ല​ങ്ങ​ൾ അ​ധി​കൃ​ത​ർ​ക്ക് മു​മ്പാ​കെ ബോ​ധ്യ​പ്പെ​ടു​ത്തി​യെ​ന്നും ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​സം​ഘം വ്യ​ക്ത​മാ​ക്കി. തീവ്രവാദത്തിനെതിരെ ആഗോളാഭിപ്രായമുണ്ടാക്കാൻ സന്ദർശനം പ്രയോജനപ്പെട്ടെന്ന് സംഘാംഗമായ മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഇന്ത്യൻ സം​ഘ​ത്തി​ന്റെ സ​ന്ദ​ർ​ശ​ന​ത്തെ ഖത്തർ ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. ഭീകരതയ്‌ക്കെതിരായ പ്രതിരോധത്തിൽ ഖത്തർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്‌തതായി മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ പറഞ്ഞു. 

ദ്വി​ദി​ന ഖത്തർ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യ ഒ​മ്പ​തംഗ സം​ഘം ഇന്ന് രാ​വി​ലെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്ക് തിരിച്ചു. തു​ട​ർ​ന്ന് ഇ​ത്യോ​പ്യ, ഈ​ജി​പ്ത് സ​ന്ദ​ർ​ശ​ന​ത്തോ​ടെ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി സംഘം മ​ട​ങ്ങും. സുപ്രിയ സുലെ എംപിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിൽ കേ​ര​ള​ത്തി​ൽ​നി​ന്ന് മു​ൻ കേ​ന്ദ്ര​സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഉ​ൾ​പ്പെ​ടെ എം.​പി​മാ​രാ​യ രാ​ജീ​വ് പ്ര​താ​പ് റു​ഡി (ബിജെപി), വി​ക്രം​ജി​ത് സി​ങ് സാ​ഹ്നി (എഎപി), മ​നീ​ഷ് തി​വാ​രി (കോ​ൺ​ഗ്ര​സ്), അ​നു​രാ​ഗ് സി​ങ് ഠാ​കു​ർ (ബിജെപി), ല​വ്റു ശ്രീ​കൃ​ഷ്ണ ദേ​വ​രാ​യ​ലു (ടിഡിപി), മു​ൻ വ്യ​വ​സാ​യ മ​ന്ത്രി ആ​ന​ന്ദ് ശ​ർ​മ (കോ​ൺ​ഗ്ര​സ്), യു.​എ​ന്നി​ലെ മു​ൻ സ്ഥി​രം പ്ര​തി​നി​ധി​യും മു​ൻ വി​ദേ​ശ​കാ​ര്യ വ​ക്താ​വു​മാ​യ ​സ​യ്യി​ദ് അ​ക്ബ​റു​ദ്ദീ​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം