കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ഒരു വിഭാഗവുമായും പ്രതിനിധി സംഘം സംവദിച്ചു
കുവൈത്ത് സിറ്റി: പാർലമെന്റ് അംഗം ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഉന്നതതല സർവകക്ഷി പ്രതിനിധി സംഘം കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. തീവ്രവാദത്തിനെതിരെ പോരാടുന്നതിൽ കൂടുതൽ ആഗോള സഹകരണം വളർത്തിയെടുക്കുന്നതിനായി കുവൈത്ത് ഉൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര പങ്കാളികളുമായുള്ള ഇന്ത്യയുടെ വിശാലമായ ഇടപെടലിന്റെ ഭാഗമായാണ് കുവൈത്തിലെത്തിയത്. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച മേഖലയിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചും അനുശോചിച്ചുമുള്ള സന്ദേശങ്ങൾ കുവൈത്ത് നേതൃത്വം ഇന്ത്യയെ അറിയിച്ചിരുന്നു.
പ്രതിനിധി സംഘം കുവൈത്ത് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരിദ അബ്ദുല്ല സാദ് അൽ മൗഷർജിയുമായി കൂടിക്കാഴ്ച നടത്തി. പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണം ഉൾപ്പെടെ, ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ജമ്മു കശ്മീരിലെ സമാധാനവും വികസനവും തകർക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയ്‌ക്കെതിരെ അതിർത്തി കടന്നുള്ള ഭീകരാക്രമണം തുടരുന്നത് പ്രതിനിധി സംഘം എടുത്തുകാട്ടി. രാജകുടുംബാംഗങ്ങൾ, മുൻ മന്ത്രിമാർ, മുതിർന്ന മാധ്യമ പ്രവർത്തകർ തുടങ്ങി കുവൈത്തിലെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.
പഹൽഗാം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണത്തിന്റെ സ്വഭാവം കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞു. ഇന്ത്യയുടെ 'സീറോ ടോളറൻസ്' നയത്തെയും, തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും ഒരു തരത്തിലും വേർതിരിക്കാത്ത ഭീകരതയ്‌ക്കെതിരായ 'ന്യൂ നോർമൽ' സമീപനത്തെപറ്റിയും പ്രതിനിധി സംഘം ഊന്നിപ്പറഞ്ഞു. സമീപകാല സംഭവങ്ങളെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് പങ്കുവെച്ചതിന് ഇന്ത്യൻ പ്രതിനിധി സംഘത്തിന് ഉപപ്രധാനമന്ത്രി നന്ദി പറയുകയും ഭീകരതയ്ക്ക് ഒരു ന്യായീകരണവുമില്ലെന്ന് അടിവരയിടുകയും ചെയ്തു. എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ഭീകരതയെ ചെറുക്കുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു.
കൂടാതെ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ഒരു വിഭാഗവുമായി പ്രതിനിധി സംഘം സംവദിക്കുകയും ഭീകരതയ്‌ക്കെതിരെ പോരാടുന്നതിനുള്ള ഇന്ത്യയുടെ ദേശീയ സമവായം അറിയിക്കുകയും ചെയ്തു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ സ്ഥിരീകരണ നടപടിക്ക് പ്രത്യേകിച്ച് ഓപ്പറേഷൻ സിന്ദൂറിന്, ഇന്ത്യൻ സമൂഹത്തിൽ ശക്തമായ പിന്തുണ ലഭിച്ചു. അതോടൊപ്പം കുവൈത്തിലെ ചരിത്രപ്രധാനമായ മസ്ജിദുൽ കബീറും, കുവൈത്തിന്റെ ലാൻഡ് മാർക്കായ കുവൈത്ത് ടവറും സംഘം സന്ദർശിച്ചു. ബിജെപി എംപി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ നിഷികാന്ത് ദുബെ, ഫാങ്‌നോൺ കൊന്യാക്, രേഖ ശർമ, അസദുദ്ദീൻ ഉവൈസി, സത്നാം സിങ് സന്ധു, ഗുലാം നബി ആസാദ്, ഹർഷ് ശ്രിംഗള എന്നിവരാണ് ഉൾപ്പെടുന്നത്.


