ഖത്തറിൽ ഡ്രൈവറില്ലാ ടാക്‌സികൾ പരീക്ഷണയോട്ടം തുടങ്ങി. രണ്ട് ഘട്ടമായാണ് പരീക്ഷണം.
ദോഹ: ഖത്തറിന്‍റെ ഗതാഗത മേഖലയിൽ പുത്തൻ ചുവടുവെപ്പുമായി ഡ്രൈവറില്ലാ ടാക്‌സികൾ പരീക്ഷണയോട്ടം തുടങ്ങി. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ കർവയുടെ ഓട്ടോണമസ് ഇലക്ട്രിക് ടാക്‌സികൾ പരീക്ഷണയോട്ടം ആരംഭിച്ചതായി ഖത്തർ ഗതാഗത മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.
രണ്ട് ഘട്ടമായാണ് പരീക്ഷണം. ആദ്യ ഘട്ടത്തിൽ വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിൽ യാത്രക്കാരില്ലാതെയാണ് പരീക്ഷണയോട്ടം നടക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഡ്രൈവറില്ലാതെ യാത്രക്കാർ മാത്രമായി പൂർണ്ണതോതിലുള്ള പരീക്ഷണ ഓട്ടവും നടക്കും. ടൂറിസ്റ്റ്, സർവീസ് റൂട്ടുകൾ ഉൾപ്പെടുത്തിയാണ് പരീക്ഷണം. ഈ പരീക്ഷണങ്ങൾ അടുത്ത വർഷം ആദ്യ പാദംവരെ തുടരും.
ഖത്തറിന്റെ വിശാലമായ ഭാവി സ്മാർട്ട് മൊബിലിറ്റി സംരംഭങ്ങളുടെ ഭാഗമായ ഓട്ടോണമസ് ടാക്‌സി സർവീസ് നടത്തുന്നതിനുള്ള നിയന്ത്രണ ചട്ടക്കൂടുകൾ സ്ഥാപിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ തയ്യാറാക്കുന്നതിനും പുറമെ, സാങ്കേതികവിദ്യയുടെ കാര്യക്ഷമത വിലയിരുത്തുകയുമാണ് ഈ പരീക്ഷണങ്ങളുടെ പ്രധാന ലക്ഷ്യം. നേരത്തെ ഖത്തറിൽ നടന്ന ഓട്ടോണമസ് ബസിന്റെ പരീക്ഷണം വിജയകരമായിരുന്നു. ഇത് വിജയിച്ചതോടെയാണ് ഗതാഗത മന്ത്രാലയം ഡ്രൈവറില്ലാ ടാക്‌സികളുടെ പരീക്ഷണത്തിലേക്ക് കടന്നത്.
പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന എല്ലാ ടാക്‌സികളിലും സുരക്ഷ ഉറപ്പാക്കാൻ ആറ് ലോംഗ്-മിഡ് റേഞ്ച് ക്യാമറകൾ, നാല് റഡാറുകൾ, നാല് ലിഡാർ യൂണിറ്റുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഇത് പരീക്ഷണയോട്ടങ്ങളിൽ നാവിഗേഷൻ നിയന്ത്രണം സാധ്യമാക്കുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.
ഗതാഗത മന്ത്രാലയം വികസിപ്പിച്ചെടുത്ത ഓട്ടോണമസ് വെഹിക്കിൾസ് സ്ട്രാറ്റജി ഖത്തറിന്റെ പൊതുഗതാഗത ശൃംഖലയിൽ നൂതനവും പരിസ്ഥിതി സൗഹൃദവുമായ സ്മാർട്ട് സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്നു.
