സൗദി അറേബ്യയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കഴിഞ്ഞ 30 വർഷത്തോളമായി സൗദിയിലുണ്ടായിരുന്നു. വാനും മറ്റൊരു ട്രൈലറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. 

റിയാദ്: സൗദി അറേബ്യയിലെ ത്വായിഫിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശി മരിച്ചു. തെങ്കര പഞ്ചായത്തിലെ മണലടി മഹല്ലിൽ പറശ്ശേരി ചേരിക്കല്ലൻ ഉബൈദ് (48) ആണ് മരിച്ചത്. ത്വായിഫിൽ സാധനങ്ങൾ വിതരണം ചെയ്യുന്നതിനിടെ ഉബൈദ് സഞ്ചരിച്ചിരുന്ന വാനും മറ്റൊരു ട്രൈലറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.

ദീർഘകാലമായി പ്രവാസിയായ ഉബൈദ്, കഴിഞ്ഞ 30 വർഷത്തോളമായി സൗദിയിലുണ്ട്. നേരത്തെ ജിദ്ദയിലായിരുന്ന അദ്ദേഹം പിന്നീട് ത്വായിഫിലേക്ക് മാറുകയായിരുന്നു. ഒരു വർഷം മുമ്പാണ് ഉബൈദ് അവസാനമായി നാട്ടിൽ വന്നുപോയത്. പരേതനായ ചേരിക്കല്ലൻ മുഹമ്മദ് (ബാപ്പുട്ടി) ആണ് പിതാവ്. ഭാര്യ: റംസി (കട്ടുപ്പാറ, തച്ചമ്പാറ). മക്കൾ: റന ഫാത്തിമ (15), അഷൽ മുഹമ്മദ് (12), ലൈഷ ഫാത്തിമ (7). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ത്വായിഫ് കെ.എം.സി.സി വെൽഫെയർ വിംഗിെൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നു. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മണ്ണാർക്കാട് എത്തിക്കും. മണലടി ജുമാ മസ്ജിദ് ഖബർസ്ഥാനിലായിരിക്കും ഖബറടക്കം നടക്കുക.