ആദ്യ ഘട്ടത്തില്‍ വാക്‌സിന്റെ ഫലപ്രാപ്തി ഉറപ്പാക്കും, രണ്ടാം ഘട്ടത്തില്‍ വൈറസിനെതിരെ ശരീരം പ്രതികരിക്കുന്നുണ്ടോയെന്ന് പഠനങ്ങള്‍ നടത്തും. മൂന്നാം ഘട്ടത്തില്‍ നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ച് വാക്‌സിന്‍ ആളുകളില്‍ പരീക്ഷിക്കും.

മനാമ: കൊവിഡ് 19 വാക്‌സിന്‍ വികസനത്തിലെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചതായി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം. യുഎഇയില്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ചൈനീസ് കമ്പനിയായ സിനോഫാമുമായി സഹകരിച്ചാണ് ബഹ്‌റൈന്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നതെന്ന് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത്(എസ് സി എച്ച്) പ്രസിഡന്റും കൊവിഡ് പ്രതിരോധത്തിനുള്ള നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അധ്യക്ഷനുമായ ലഫ്.ജനറല്‍ ഡോ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ പറഞ്ഞു. ക്ലിനിക്കല്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന സംഘത്തെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബഹ്‌റൈനില്‍ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായാണ് നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ വാക്‌സിന്റെ ഫലപ്രാപ്തി ഉറപ്പാക്കും, രണ്ടാം ഘട്ടത്തില്‍ വൈറസിനെതിരെ ശരീരം പ്രതികരിക്കുന്നുണ്ടോയെന്ന് പഠനങ്ങള്‍ നടത്തും. മൂന്നാം ഘട്ടത്തില്‍ നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ച് വാക്‌സിന്‍ ആളുകളില്‍ പരീക്ഷിക്കും. പ്രായം, ആരോഗ്യം എന്നിവ പരിഗണിച്ചാണ് വാക്‌സിന്‍ പരീക്ഷണത്തിനായി ആളുകളെ തെരഞ്ഞെടുക്കുക. .പ​രീ​ക്ഷ​ണ​ത്തി​ന്​ സ​ന്ന​ദ്ധ​രാ​യ 6000ഓളം സ്വ​ദേ​ശി​ക​ളി​ലും പ്ര​വാസികളിലും വാക്സിന്‍ പരീക്ഷിക്കും.

ചൈനീസ് കമ്പനിയായ സിനോഫാം, അബുദാബി ആസ്ഥാനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനമായ ഗ്രൂപ്പ് 42 (ജി42) എന്നിവ തമ്മില്‍ ഒപ്പുവെച്ച ധാരണപ്രകാരം അബുദാബി ഹെല്‍ത്ത് അതോരിറ്റിയുടെ മേല്‍നോട്ടത്തില്‍ ജി42 ആണ് യുഎഇയിലെ ക്ലിനിക്കല്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത്.

കൊവിഡ് വാക്‌സിന്‍: മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് തയ്യാറെടുത്ത് സൗദി അറേബ്യ