റിയാദ്: സൗദിയില്‍ പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളിയെ ഏഴുമാസത്തിന് ശേഷം നാട്ടിലെത്തിച്ചു. 30 വര്‍ഷമായി അല്‍അസിയ മുനിസിപ്പാലിറ്റിയില്‍ (ബലദിയ) ജീവനക്കാരനായിരുന്ന തിരുവനന്തപുരം സ്വദേശി നവാസ് ഖാനെയാണ് ഏഴ് മാസത്തെ ചികിത്സക്കൊടുവില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ചത്.

ജോലിക്കിടെ ഏഴ് മാസം മുമ്പ് പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്ന് അല്‍അസിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശേഷം കിങ് ഫഹദ് അശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയ നടത്തി. വീണ്ടും അല്‍അസിയ ആശുപത്രിയിലേക്ക് തന്നെ മാറ്റി ചികിത്സയില്‍ തുടര്‍ന്നു. വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് അയക്കാന്‍ ശ്രമിച്ചെങ്കിലും സ്ട്രക്ചര്‍ സൗകര്യം ലഭിക്കാതിരുന്നതും കൊവിഡ് സാഹചര്യവും കാരണം യാത്ര വൈകുകയായിരുന്നു. ബുറൈദ കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂരിന്റെ നിരന്തര ഇടപെടലാണ് നവാസ് ഖാന് തുണയായത്. ഞായറാഴ്ച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. കൊല്ലം സ്വദേശികളായ നൗഫല്‍ മന്‍സൂര്‍, അമീര്‍ എന്നിവരും ഇദ്ദേഹത്തിന് സഹായവുമായി കൂടെയുണ്ടായിരുന്നു. ദീര്‍ഘകാലത്തെ ആശുപത്രി വാസത്തില്‍ അല്‍ അസിയ ആശുപത്രിയിലെ നഴ്സിങ്ങ് സൂപ്രണ്ട് ഷീബയുടെ നേതൃത്വത്തില്‍ മറ്റ് നഴ്‌സുമാരുടെ പരിചരണവും നവാസ് ഖാന് വളരെ അശ്വാസമായിരുന്നു. ബലദിയ ഏര്‍പ്പാടാക്കിയ ആംബുലന്‍സിലാണ് അല്‍അസിയയില്‍ നിന്നും റിയാദിലേക്ക് കൊണ്ട് പോയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഇദ്ദേഹത്തെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.