ദുബായ്: ദുബായിലെ രക്ഷിതാക്കള്‍ക്ക് ആശ്വാസം. ഈമാസം അവസാനം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെ നേരിട്ട് സ്‌കൂളിലയക്കണമോയെന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് കെ.എച്ച്.ഡി.എ അറിയിച്ചു. ഭൂരിപക്ഷം രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തന്നെ മതിയെന്ന അഭിപ്രായത്തിലാണ്.

ഈ മാസം 30ന് പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നതോടെ ക്ലാസ് മുറികളിലെ പഠനം ആരംഭിക്കാനായിരുന്നു ദുബായുടെ തീരുമാനം. എന്നാല്‍, ചില രക്ഷിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചതോടെ  വിദ്യാര്‍ത്ഥികളെ നേരിട്ട് സ്‌കൂളിലേക്ക് അയക്കണോ എന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി നിലപാട് മാറ്റി. തീരുമാനം കൊവിഡ് കാലത്ത് മക്കളെ സ്‌കൂളുകളിലേക്കയക്കാന്‍ താല്‍പര്യപെടാത്ത രക്ഷിതാക്കള്‍ക്ക് ആശ്വാസമായി

താല്‍ക്കാലികമാണ് ഈ സൗകര്യമെന്നാണ് കെ.എച്ച്.ഡി.എ സര്‍ക്കുലറില്‍ പറയുന്നത്. എത്ര നാളത്തേക്ക് എന്ന് വ്യക്തമാക്കിയിട്ടില്ല. സഹപാഠികള്‍ക്കൊപ്പം കളിതമാശകള്‍ പങ്കുവെയ്ക്കാനാവാത്തതില്‍ പ്രയാസങ്ങളുണ്ടെങ്കിലും ഓണ്‍ലൈന്‍ ക്ലാസ്സുകളാണ് വിദ്യാര്‍ത്ഥികളും തെരഞ്ഞെടുക്കുന്നത്.

അതേസമയം, വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ സ്‌കൂളുകള്‍ തുറക്കാവൂ എന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഷാര്‍ജയിലെയും അബുദാബിയിലെയും വിദ്യാര്‍ഥികള്‍ക്ക് ഇ ലേണിംഗായി വീടുകളില്‍ തന്നെ പഠനം തുടരാമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട് . കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചിലാണ് യുഎഇയിലെ സ്‌കൂളുകള്‍ അടച്ചത്.