രാജ്യത്തെ കൊവിഡ് വ്യാപന നിരത്ത് വലിയ തോതില്‍ ഉയര്‍ന്നത് മുന്‍നിര്‍ത്തി ഒരു മാസത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സുരക്ഷാ വിഭാഗങ്ങള്‍ സജ്ജമാണ്. 

കുവൈത്ത് സിറ്റി: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കുവൈത്തില്‍ ഞായറാഴ്‍ച വൈകുന്നേരം മുതല്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തും. വൈകുന്നേരം അഞ്ച് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ പുറത്തിറങ്ങുന്നതിനാണ് നിയന്ത്രണം. ഇളവ് അനുവദിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് മാത്രമേ ഈ സമയത്ത് സഞ്ചാര അനുമതിയുണ്ടാകൂ.

രാജ്യത്തെ കൊവിഡ് വ്യാപന നിരത്ത് വലിയ തോതില്‍ ഉയര്‍ന്നത് മുന്‍നിര്‍ത്തി ഒരു മാസത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സുരക്ഷാ വിഭാഗങ്ങള്‍ സജ്ജമാണ്. റോഡുകളിലും ജനവാസ മേഖലകളിലും സെക്യൂരിറ്റി പോയിന്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. റമദാന്‍ വ്രതാരംഭത്തിന് മുന്നോടിയായി കര്‍ഫ്യൂ പിന്‍വലിച്ചേക്കുമെന്നാണ് സൂചന.

നിയമലംഘകരെ കണ്ടെത്താന്‍ കുവൈത്തില്‍ മുതര്‍ കര്‍ശന പരിശോധന തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. മാന്‍പവര്‍ പബ്ലിക് അതോരിറ്റിയും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി കടകള്‍, കോഓപ്പറേറ്റീവ് സ്റ്റോറുകള്‍, ഭക്ഷ്യ-പച്ചക്കറി വിപണന കേന്ദ്രങ്ങള്‍, ഹോം ഡെലിവറി സര്‍വീസുകള്‍ തുടങ്ങിയ വിഭാഗങ്ങളെയാണ് പരിശോധിക്കുക.

ഹോം ഡെലിവറി ജോലികള്‍ ചെയ്യുന്ന ജീവനക്കാരുടെ ഇഖാമ പരിശോധിക്കുമ്പോള്‍ അതില്‍ പ്രതിപാദിച്ചിരിക്കുന്ന ജോലിയല്ല ചെയ്യുന്നതെന്ന് കണ്ടെത്തിയാല്‍ അവരെ താമസകാര്യ വകുപ്പിന് കൈമാറും. ഇവര്‍ക്കെതിരായ നിയമനടപടികള്‍ സ്വീകരിക്കുകയും നാടുകടത്തുകയും ചെയ്യും. കര്‍ഫ്യൂ സമയത്ത് യാത്ര ചെയ്യാനുള്ള അനുമതികള്‍ കര്‍ശനമായി പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.