ഖത്തറിനും ബഹ്‌റൈനും ഇടയിൽ പുതിയ ഫെറി സർവീസ് ആരംഭിച്ചു. ഖത്തറിന്‍റെ വടക്കുഭാഗത്തുള്ള അൽ-റുവൈസ് തുറമുഖത്തെയും ബഹ്‌റൈനിലെ സഅദ മറീനയെയും ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സമുദ്ര യാത്രാ പാത തുറന്നത്.
ദോഹ: ഖത്തറിനും ബഹ്‌റൈനും ഇടയിൽ യാത്രക്കാർക്കായി പുതിയ ഫെറി സർവീസ് പ്രവർത്തനം ആരംഭിച്ചു. ഖത്തറിന്‍റെ വടക്കുഭാഗത്തുള്ള അൽ-റുവൈസ് തുറമുഖത്തെയും ബഹ്‌റൈനിലെ സഅദ മറീനയെയും ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സമുദ്ര യാത്രാ പാത തുറന്നത്. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്കിടയിലെ യാത്ര സുഗമമാക്കാനും പ്രാദേശിക ബന്ധം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ ഫെറി സർവീസ് ആരംഭിച്ചത്.
ബഹ്‌റൈനിലെ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയവുമായി (എം.ടി.ടി) സഹകരിച്ചാണ് ഖത്തർ ഗതാഗത മന്ത്രാലയം പദ്ധതി നടപ്പിലാക്കുന്നത്. ഖത്തർ ഗതാഗത മന്ത്രി ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനിയും ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ശെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫയും വ്യാഴാഴ്ച പദ്ധതി ഉദ്ഘാടനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദരബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതും ജി.സി.സി രാജ്യങ്ങൾക്കിടയിലെ സഹകരണവും സാമ്പത്തിക ഐക്യവും വർദ്ധിപ്പിക്കുകയും ചെയ്യുന്ന വിപ്ലവകരമായ ചുവടുവെപ്പാണ് ഈ പദ്ധതിയെന്ന് ഖത്തർ ഗതാഗത മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ, ജിസിസി പൗരന്മാർക്ക് മാത്രമാണ് സർവീസ് പ്രയോജനപ്പെടുത്താൻ സാധിക്കുക. ഏകദേശം 35 നോട്ടിക്കൽ മൈൽ (65 കിലോമീറ്റർ) ദൂരമുള്ള പാതയിൽ യാത്ര പൂർത്തിയാക്കാൻ ശരാശരി 50 മിനിറ്റ് വരെ സമയമെടുക്കും. നവംബർ 7 മുതൽ 12 വരെയുള്ള കാലയളവിലാണ് ആദ്യ യാത്രകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. രാവിലെയും വൈകുന്നേരവുമായി പ്രതിദിനം രണ്ട് റൗണ്ട് ട്രിപ്പുകളുണ്ടായിരിക്കും. പിന്നീട് നവംബർ 13 മുതൽ 22 വരെ ദിവസേന മൂന്ന് റൗണ്ട് ട്രിപ്പുകളായി വർദ്ധിപ്പിക്കും.
യാത്രക്കാരുടെ വരവ് അനുസരിച്ച് ഭാവിയിൽ പ്രതിദിന സർവീസുകളുടെ എണ്ണം ക്രമേണ വർദ്ധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് MASAR ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സ്റ്റാൻഡേർഡ് (28 യാത്രക്കാർ), വിഐപി (32 യാത്രക്കാർ) എന്നിങ്ങനെ രണ്ട് തരം ഫെറികൾ തിരഞ്ഞെടുക്കാൻ സൗകര്യമുണ്ട്. ഇക്കണോമി ക്ലാസിൽ ഒരു റൗണ്ട് ട്രിപ്പ് യാത്രക്ക് ടിക്കറ്റിന് 265 റിയാലായിരിക്കും നിരക്ക്. ഇരു രാജ്യങ്ങളിലെയും കസ്റ്റംസ്, സുരക്ഷാ നടപടിക്രമങ്ങൾ കർശനമായി പാലിച്ചായിരിക്കും സർവീസ്.


