ഖത്തർ യൂണിവേഴ്‌സിറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിന് യുനെസ്കോയുടെ അംഗീകാരം. ഖത്തർ ദേശീയ വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്ര കമ്മീഷന്റെയും യുനെസ്കോ അംഗരാജ്യങ്ങളുടെ നിരവധി ദേശീയ കമ്മീഷനുകളുടേയും പിന്തുണയോടെയുമാണ് ഈ തീരുമാനം.
ദോഹ: ഖത്തർ യൂണിവേഴ്‌സിറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷം ഔദ്യോഗികമായി ആഘോഷിക്കുന്നതിന് അംഗീകാരം നൽകി ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയായ യുനെസ്കോ. ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ നടന്ന യുനെസ്കോയുടെ 43-ാമത് സെഷനിൽ, 2026-2027 ലെ യുനെസ്കോ അനുസ്മരണ പരിപാടികളുടെ പട്ടികയിൽ ഖത്തർ യൂണിവേഴ്‌സിറ്റി (ക്യു.യു) സ്ഥാപിതമായതിന്റെ 50-ാം വാർഷികം ഉൾപ്പെടുത്തുന്നതിന് ഔദ്യോഗികമായി അംഗീകാരം നൽകിയതായി ഖത്തർ സർവകലാശാല അറിയിച്ചു.
ഖത്തർ സമർപ്പിച്ച നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം. ഖത്തർ ദേശീയ വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്ര കമ്മീഷന്റെയും യുനെസ്കോ അംഗരാജ്യങ്ങളുടെ നിരവധി ദേശീയ കമ്മീഷനുകളുടേയും പിന്തുണയോടെയുമാണ് ഈ തീരുമാനമെന്ന് ഖത്തർ യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. 1977 ലാണ് ഖത്തറിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു നാഴികകല്ലായി ഖത്തർ യൂണിവേഴ്സിറ്റി പ്രവർത്തനമാരംഭിക്കുന്നത്. സ്ഥാപിതമായത് മുതൽ ഉന്നത വിദ്യാഭ്യാസവും ഗവേഷണവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഖത്തർ യൂണിവേഴ്സിറ്റി നൽകിയ സംഭാവനകൾ, സമൂഹിക സേവനത്തിനും ദേശീയ വികസനത്തിനും നൽകിയ സുസ്ഥിര സംഭാവനകൾ, പ്രാദേശികമായും അന്തർദേശീയമായും ഖത്തറിന്റെ അക്കാദമികവും ശാസ്ത്രീയവുമായ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത എന്നിവക്കുള്ള അംഗീകാരമാണ് യുനെസ്കോയുടെ ഈ തീരുമാനം.
