മസ്‌കറ്റ്: ഒമാനില്‍ എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും കൊവിഡ് പരിശോധനാഫലം കൈവശം സൂക്ഷിക്കണമെന്ന നിബന്ധന നവംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍. വിമാന കമ്പനികള്‍ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യാഴാഴ്ച അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.

ഒമാനിലേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളില്‍ നടത്തുന്ന കൊവിഡ് പിസിആര്‍ പരിശോധനാഫലമാണ് കൈവശം സൂക്ഷിക്കേണ്ടത്. അംഗീകൃത സ്ഥാപനങ്ങളില്‍ വേണം പരിശോധന നടത്താന്‍. ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് സാധാരണ പോലെ തന്നെ പിസിആര്‍ ടെസ്റ്റ് നടത്തും. ഈ ഫലം നെഗറ്റീവാണെങ്കില്‍ ഏഴ് ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം എട്ടാം ദിവസം വീണ്ടും പിസിആര്‍ പരിശോധന നടത്താം. നെഗറ്റീവ് ഫലമാണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം. എന്നാല്‍ മൂന്നാമത് ഒരു പരിശോധന കൂടി നടത്താന്‍ താല്‍പ്പര്യമില്ലാത്തവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. 15 വയസ്സും അതില്‍ താഴെയും പ്രായമുള്ളവര്‍ പിസിആര്‍ പരിശോധന നടത്തേണ്ടതില്ല. ഇവര്‍ ക്വാറന്റീന്‍ കാലയളവിലെ നിരീക്ഷണത്തിനായുള്ള റിസ്റ്റ് ബാന്റും ധരിക്കേണ്ടതില്ല. അതേസമയം ഒമാനിലെ വിദേശ എംബസികളില്‍ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥരെയും ഒമാനില്‍ സന്ദര്‍ശനത്തിനെത്തുന്ന നയതന്ത്ര ഉദ്യോഗസ്ഥരെയും കൊവിഡ് പരിശോധന സംബന്ധിച്ച നിബന്ധനകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.