Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടു; വിമാനം മുടങ്ങിയത് മൂലം ജിദ്ദയില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടിലെത്തിച്ചു

യാത്രക്കാരില്‍ ബാക്കിയുണ്ടായിരുന്നവരില്‍ ചിലര്‍ എമിറേറ്റ്സ് വിമാനത്തില്‍ ബാംഗ്ലൂരിലേക്കും ചിലര്‍ കോഴിക്കോട്ടേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലും യാത്ര ചെയ്തു. അവശേഷിച്ച ചുരുക്കം യാത്രക്കാര്‍ അവരുടെ യാത്ര മാറ്റിവെച്ചിരിക്കുകയാണ്.

passengers stranded in Jeddah  return home
Author
Jeddah Saudi Arabia, First Published Mar 28, 2021, 9:41 AM IST

റിയാദ്: കഴിഞ്ഞ ദിവസം ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സൗദിയ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന്   അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരില്‍ ഭൂരിപക്ഷം പേരെയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലയച്ചു. ഇന്ത്യന്‍ എംബസിയുടെയും കേരള സര്‍ക്കാരിന്റെയും എന്‍.ഒ.സിയോടെ സൗദി സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അനുമതി സര്‍വിസിന് നല്‍കിയിട്ടും ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അവസാന നിമിഷം അനുമതി നിഷേധിച്ചതു കാരണമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 12.20 ന് പുറപ്പെടേണ്ടിയിരുന്ന സൗദിയ വിമാന സര്‍വീസ് റദ്ദായത്. 

സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ആഭ്യന്തര വിമാന യാത്ര ചെയ്തും കിലോമീറ്ററുകള്‍ താണ്ടി റോഡ് മാര്‍ഗവുമൊക്കെയായി ജിദ്ദയില്‍ എത്തിയപ്പോഴാണ് യാത്രക്കാര്‍ സര്‍വിസ് മുടങ്ങിയത് അറിയുന്നത്. വിവിധ ട്രാവല്‍ ഏജന്റുകള്‍ മുഖേന ടിക്കറ്റിനു പണം നല്കിയിരുന്നവരാണ് ഇവര്‍. കുട്ടികളും കുടുംബങ്ങളും അടക്കം ഇരുനൂറിലധികം പേരാണ് ഈ ചാര്‍ട്ടേഡ് വിമാനത്തില്‍ ബുക്കിംഗ് നടത്തിയിരുന്നത്. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലത്തിന്റെ നിര്‍ദേശ പ്രകാരം കോണ്‍സല്‍ ഹംന മറിയവും വൈസ് കോണ്‍സല്‍ മാലതിയും വെള്ളിയാഴ്ച വിമാനത്തവാളത്തില്‍ എത്തി യാത്രക്കാര്‍ക്ക് ആവിശ്യമായ സഹായങ്ങള്‍ നല്‍കി. ദാദാഭായ് ട്രാവല്‍സ് മാനേജര്‍ മുഹമ്മദ് അബൂബക്കര്‍, ഒ.ഐ.സി.സി ജിദ്ദ കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗം സമീര്‍ നദവി എന്നിവരുടെ സഹായത്തോടെ യാത്രക്കാരില്‍  ഇരുപതോളം പേരെ വെള്ളിയാഴ്ച്ച രാത്രി എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലയച്ചു. 

സൗദി എയര്‍ലൈന്‍സ് വിമാനത്താവള ടെര്‍മിനലില്‍ നിന്നും ഇവരെ ഇന്ത്യന്‍ സ്‌കൂള്‍ വാഹനത്തില്‍ ജിദ്ദയിലെ റെസ്റ്റോറന്റില്‍ എത്തിച്ച് ഭക്ഷണം നല്‍കി തിരിച്ച് നോര്‍ത്ത് ടെര്‍മിനലില്‍ എത്തിച്ച് പ്രത്യേക കൗണ്ടര്‍ ഒരുക്കി എയര്‍ ഇന്ത്യയുടെ മുബൈ വഴി തിരുവന്തപുരത്തേക്കുള്ള വിമാനത്തിലാണ് ഇവരെ കയറ്റി അയച്ചത്. യാത്രക്കാരില്‍ ബാക്കിയുണ്ടായിരുന്നവരില്‍ ചിലര്‍ എമിറേറ്റ്സ് വിമാനത്തില്‍ ബാംഗ്ലൂരിലേക്കും ചിലര്‍ കോഴിക്കോട്ടേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലും യാത്ര ചെയ്തു. അവശേഷിച്ച ചുരുക്കം യാത്രക്കാര്‍ അവരുടെ യാത്ര മാറ്റിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം റിയാദില്‍ നിന്നും ദില്ലിയിലേക്ക് സൗദിയ വിമാനം സര്‍വിസ് നടത്തുകയുണ്ടായെന്നും കേരളത്തിലേക്ക് മാത്രം സൗദിയ വിമാന സര്‍വിസിന് ഡി.ജി.സി.എ അനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഒ.ഐ.സി.സി റീജിയനല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീര്‍ പറഞ്ഞു. വരും ദിനങ്ങളിലും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി   പ്രധാനമന്ത്രിയുമായി ബന്ധപെട്ടു പരിഹാരം ഉണ്ടാക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios