‘പാസ്‌പോർട്ട് ടു ദ വേൾഡ്’ ഏപ്രിൽ 30 മുതൽ മെയ് 24 വരെ ജിദ്ദയിൽ.
റിയാദ്: സൗദി ജനറൽ എൻറർടെയ്മെൻറ് അതോറിറ്റി (ജി.ഇ.എ) രാജ്യത്തെ പ്രവാസികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ‘പാസ്‌പോർട്ട് ടു ദ വേൾഡ്’ ജിദ്ദയിലും. ഏപ്രിൽ 30 മുതൽ മെയ് 24 വരെ നീണ്ടുനിൽക്കുന്നതാണ് പരിപാടികൾ. 30 മുതൽ മെയ് മൂന്ന് വരെ ഫിലിപ്പീൻസ് ഫെസ്റ്റാണ്. മെയ് ഏഴ് മുതൽ 10 വരെ ബംഗ്ലാദേശി പ്രവാസികൾക്കും 14 മുതൽ 17 വരെ ഇന്ത്യൻ പ്രവാസികൾക്കും 21 മുതൽ 24 വരെ സുഡാനി പ്രവാസികൾക്കുമാണ് പരിപാടികൾ.
ജിദ്ദ ശറഫിയ്യക്കടുത്ത് അൽവുറുദ് ഡിസ്ട്രിക്ടിലാണ് ഉത്സവത്തിന് അരങ്ങൊരുങ്ങുന്നത്. പ്രവേശനം പൂർണമായും സൗജന്യമാണ്. സൗജന്യ പാസിന് webook.com എന്ന ആപ്പിൽ രജിസ്റ്റർ ചെയ്യണം. സൗദി അറേബ്യയിലെ പ്രവാസി സമൂഹങ്ങൾക്കായി ജി.ഇ.എ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിൽ ഒന്നാണിത്. ഓരോ രാജ്യത്തിെൻറയും നാടോടി കലാരൂപങ്ങൾ, തുണിത്തരങ്ങൾ, പ്രകൃതി ഘടകങ്ങൾ, വാസ്തുവിദ്യ എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ദൃശ്യ രൂപകൽപ്പനയും കലാപരമായ അടയാളപ്പെടുത്തലുകളും ‘പാസ്‌പോർട്ട് ടു ദ വേൾഡ്’ എന്ന പരിപാടിക്ക് പ്രത്യേക അനുഭവം നൽകും.
Read Also - ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ദുബൈയിൽ വരുന്നൂ, അൽ മക്തൂം വിമാനത്താവള പദ്ധതിക്ക് കരാറുകൾ നൽകി തുടങ്ങി
പരമ്പരാഗത വസ്ത്രങ്ങൾ, അനുബന്ധ ഉപകരണങ്ങൾ, നൃത്ത പ്രകടനങ്ങൾ, വൈവിധ്യമാർന്ന ഭക്ഷണങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള സാംസ്കാരിക ഘടകങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഓരോ പവലിയനിലും പ്രത്യേക സ്ഥലങ്ങളുണ്ടാകും. കൂടാതെ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള വിപണികൾ, തിയേറ്ററുകൾ, സംവേദനാത്മക പ്രദർശനങ്ങൾ എന്നിവയുമുണ്ടാകും.


