തോല്‍വികളും ആഘോഷിക്കപ്പെടണം; ബിസിനസ് പൂട്ടിയപ്പോള്‍ ഫേസ്‍ബുക്കില്‍ പോസ്റ്റിട്ട് എല്ലാവരെയും അറിയിച്ച മുതലാളി
ദുബായ് മലയാളികൾക്ക് വിഷരഹിത അരിയും പലവ്യഞ്ജനങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആറു കൊല്ലം മുമ്പാണ് കബീര്‍ ഫാം ചിംപ് എന്ന പേരില്‍ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. ദുബായ് സര്‍ക്കാര്‍ വരെ കബീറിന്റെ ആശയത്തെ അംഗീകരിച്ച് പുരസ്കാരം നല്‍കി. എന്നാല്‍ നിപ്പയും കോവിഡും പ്രളയവുമെല്ലാം കബീറിന്റെയും ഫാം ചിംപിന്റെയും താളം തെറ്റിച്ചു.

ദുബൈ: വിജയങ്ങൾ മാത്രമല്ല, തോല്‍വികളും ആഘോഷിക്കപ്പെടേണ്ടതാണ് എന്നാണ് ദുബായില്‍ സംരഭകനായ പി.സി.കബീറിന്റെ നിലപാട്. അതു കൊണ്ട് തന്നെയാണ് തന്റെ ബിസിനസ് അടച്ച് പൂട്ടിയപ്പോൾ കബീര്‍ അത് സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞതും. നേട്ടങ്ങളും വിജയങ്ങളും ആഘോഷിക്കുന്ന അതേമനസോടെ തന്നെ വേണം തോല്‍വികളെയും നേരിടാനെന്നതാണ് കബീറിന്റെ തത്വം.
ദുബായ് മലയാളികൾക്ക് വിഷരഹിത അരിയും പലവ്യഞ്ജനങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആറു കൊല്ലം മുമ്പാണ് കബീര്‍ ഫാം ചിംപ് എന്ന പേരില്‍ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. ദുബായ് സര്‍ക്കാര്‍ വരെ കബീറിന്റെ ആശയത്തെ അംഗീകരിച്ച് പുരസ്കാരം നല്‍കി. എന്നാല്‍ നിപ്പയും കോവിഡും പ്രളയവുമെല്ലാം കബീറിന്റെയും ഫാം ചിംപിന്റെയും താളം തെറ്റിച്ചു. നാട്ടില്‍ നിന്ന് കൊണ്ടു വന്ന ഉല്‍പ്പന്നങ്ങൾ ദുബായില്‍ ഇറക്കാനാകാത്ത അവസ്ഥയുണ്ടായി. കര്‍ഷകര്‍ക്ക് യഥാസമയം പണം നല്‍കാനായില്ല. പതിയെ ഫാം ചിംപ് തകര്‍ച്ചയിലേക്ക് നീങ്ങി. കടയുടെ വാടക പോലും നല്‍കാനില്ലാത്ത അവസ്ഥ. ഒടുവില്‍ കോടതിയുത്തരവ് അനുസരിച്ച് ഒഴിപ്പിക്കല്‍ നടപടികളിലുമെത്തി.
എന്നാല്‍ ആ തോല്‍വി കബീര്‍ ആരില്‍ നിന്നും മറച്ച് വച്ചില്ല. വിജയങ്ങൾ ലോകത്തോട് പങ്കു വച്ച അതേ മനസോടെ തന്നെ താന്‍ താല്‍ക്കാലികമായെങ്കിലും തോറ്റിരിക്കുന്നുവെന്നും കബീര്‍ പറഞ്ഞു. തിരിച്ചടികൾ തുറന്നു പറയാനാകാതെ പോകുന്നതാണ് പലരുടെയും പ്രധാനപ്രശ്നമെന്നാണ് കബീറിന്റെ വിലയിരുത്തല്‍. പ്രശ്നങ്ങൾ തുറന്ന് പറഞ്ഞു കഴിയുമ്പോൾ അവ പരിഹരിക്കാനുള്ള ഊര്‍ജം ലഭിക്കുമെന്ന് സ്വന്തം ജീവിതത്തില്‍ നിന്ന് കബീര്‍ പറയുന്നു. തിരിച്ചടികള്‍ താല്‍ക്കാലികമാണെന്ന് ഉറച്ച് വിശ്വസിച്ച് താന്‍ തിരികെ വരുമെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കബീറിന് കരുത്ത് നല്‍കുന്നതും ഈ തുറന്ന് പറച്ചിലുകളും തോല്‍വിയുടെ ആഘോഷവും തന്നെയാകാം.
വീഡിയോ കാണാം....
Read also: അറിവുകളും അനുഭവങ്ങളും ഓർമകളുമായി ഇന്ത്യയെ അറിയാനൊരു തീർത്ഥാടനം