സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി വാഹനങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവരേണ്ടതില്ല. പകരം കേടുപാടുകള്‍ സംഭവിച്ച വാഹനത്തിന്‍റെ ഫോട്ടോ അയച്ചാല്‍ മതി.

ദുബൈ: കനത്ത മഴയില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് ഓണ്‍ലൈന്‍ വഴി പൊലീസ് സര്‍ട്ടിഫിക്കറ്റ് നേടാമെന്ന് ദുബൈ പൊലീസ്. ഇന്‍ഷുറന്‍സ് ക്ലെയിം നടപടിക്രമങ്ങള്‍ക്ക് സാധാരണയായി ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റാണിത്. 

സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി വാഹനങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവരേണ്ടതില്ല. പകരം കേടുപാടുകള്‍ സംഭവിച്ച വാഹനത്തിന്‍റെ ഫോട്ടോ അയച്ചാല്‍ മതി. ദുബൈ പൊലീസിലും ആപ്പിലും സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി പൂര്‍ത്തിയാക്കാമെന്ന് ദുബൈ പൊലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മന്‍സൂര്‍ അല്‍ ഖര്‍ഗൗയി അറിയിച്ചു. അപേക്ഷക്കൊപ്പം കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങളുടെ ഫോട്ടോയും ചേര്‍ക്കുക. ഒന്നോ രണ്ടോ പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ഇലക്ട്രോണിക് ആയി ലഭിക്കും. 95 ദിര്‍ഹമാണ് നിരക്ക്. അബുദാബിയിലെ താമസക്കാര്‍ക്ക് അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളിലെ പൊലീസ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുകള്‍ സന്ദര്‍ശിച്ച് തങ്ങളുടെ വാഹനങ്ങളുടെ മഴ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും സര്‍ട്ടിഫിക്കറ്റുകള്‍ നേടാനും കഴിയും.

Read Also - എന്താണ് ബിഎപിഎസ്; മോദി ഉദ്ഘാടനം ചെയ്യുന്ന ക്ഷേത്രത്തിൻറെ പ്രത്യേകത ഇതാണ്, അറിയേണ്ട അഞ്ചു കാര്യങ്ങള്‍

ഒമാനിൽ മരിച്ച മലയാളി യുവാവിനെ തിരിച്ചറിഞ്ഞു; മരിച്ചത് സെയിൽസ് ജീവനക്കാരൻ 

മസ്കറ്റ്: ഒമാനിൽ കനത്ത മഴയിൽ ഒഴുക്കിൽപെട്ട് മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. ആലപ്പുഴ സ്വദേശിയായ അബ്ദുൽ വാഹിദ് എന്ന യുവാവാണ് മഴവെള്ളപ്പാച്ചിലിൽ മരിച്ചത്. ഒമാനിലെ ശർഖിയ ഗവർണറേറ്റിലെ ഇബ്രയിൽ നിന്നും അറുപതു കിലോമീറ്റർ അകലെ ഇസ്മെയിൽ എന്ന സ്ഥലത്ത് ഉള്ള വാദിയിലെ വെള്ളപ്പാച്ചിലിൽ കുടുങ്ങുകയായിരുന്നു ആലപ്പുഴ സ്വദേശി അബ്ദുൽ വാഹിദ്. വാഹിദിൻ്റെ മൃതശരീരം ഇബ്ര ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .

മസ്‌കറ്റിലെ മൊബേലയിലുള്ള ഒരു സ്വകാര്യ ടോയ്‌സ് കമ്പനിയുടെ മിനി സെയിൽസ് വാനിൽ ഒമാൻ സ്വദേശി ഡ്രൈവറുമായി ടോയ്‌സ് വിതരണത്തിന് പോകുമ്പോളാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ അകപ്പെട്ടത്. പരിക്കുകളോട് കൂടി വെള്ളപ്പാച്ചിലിൽ നിന്നും രക്ഷപ്പെട്ട മിനിവാൻ ഓടിച്ചിരുന്ന ഒമാനി ഡ്രൈവറെ ചികിത്സാർത്ഥം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹിദിന്റെ മൃതദേഹം ഇപ്പോൾ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്ന് അധികൃതർ അറിയിച്ചു. 

അതേസമയം, ഒമാനിൽ കനത്ത മഴ അൽപ്പം ശമിച്ചിട്ടുണ്ട്. കനത്തമഴയിൽ അഞ്ചു മരണമാണ് സ്ഥിരീകരിച്ചത്. അതിനിടയിലാണ് ഒഴുക്കിൽപെട്ട് മലയാളി മരിച്ചതായും പുറത്ത് വരുന്നത്. ഒമാനിലെ ഇസ്‌കിയിൽ ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തിൽ 4 പേരുമായി വന്ന വാഹനം വാദിയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ മരണപ്പെട്ടിരുന്നു. അൽ ദഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇസ്‌കിയിലെ വാഡിയിലേക്ക് മറിഞ്ഞ വാഹനത്തിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. അപകടത്തിൽപ്പെട്ട സ്ത്രീയുടെ മൃതദേഹം ഇന്ന് രാവിലെ സിഡിഎഎ റെസ്ക്യൂ ടീം കണ്ടെത്തി. കൂടാതെ ഇന്നലെ മൂന്ന് കുട്ടികളും ഒഴുക്കിൽപെട്ടിരുന്നു. ഇവരുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. കനത്തമഴയിൽ അഞ്ച് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...