ഇക്വസ് ഹെമിയോണസ് ഹെമിപ്പസ് വംശത്തില്‍ പെടുന്ന ഇവ 100 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടേക്ക് തിരികെയെത്തുന്നതും സ്വതന്ത്രമായി ജീവിക്കുന്നതും. 

റിയാദ്: ഒരു നൂറ്റാണ്ടിന് ശേഷം സൗദി അറേബ്യയുടെ മണ്ണിലേക്ക് തിരിച്ചെത്തുകയാണ് പേര്‍ഷ്യന്‍ കാട്ടുകഴുത (പേര്‍ഷ്യന്‍ ഓണഗര്‍). വന്യജീവി സംരക്ഷണത്തിന്‍റെയും പുനരധിവാസത്തിന്‍റെയും ഭാഗമായാണ് ഈ പ്രധാന മാറ്റം സംഭവിക്കുന്നത്. 

പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ റോയല്‍ റിസര്‍വ് ഡെവലപ്മെന്‍റ് അതോറിറ്റിയും ജോര്‍ദാനിലെ റോയല്‍ സൊസൈറ്റ് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറും സഹകരിച്ചാണ് ഈ നേട്ടം സാധ്യമാക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ ഏഴ് പേര്‍ഷ്യന്‍ കാട്ടുകഴുതകളെയാണ് ജോര്‍ദാനിലെ ഷുമാരി വന്യജീവി സങ്കേതത്തില്‍ നിന്ന് റോയല്‍ റിസര്‍വില്‍ എത്തിച്ചത്. പുതിയ പരിസ്ഥിതിയുമായി കാട്ടുകഴുതകള്‍ ഇണങ്ങി ചേരുകയും പ്രജനനം നടത്തി ആദ്യ കുട്ടിയെ പ്രസവിക്കുകയും ചെയ്തതോടെയാണ് 100 വര്‍ഷങ്ങള്‍ക്കിപ്പുറം പേര്‍ഷ്യൻ കാട്ടുകഴുതകളുടെ വംശം സൗദി മണ്ണില്‍ ഉടലെടുത്തത്. 

ഒരു നൂറ്റാണ്ട് മുമ്പാണ് സൗദി അറേബ്യയില്‍ പേര്‍ഷ്യന്‍ കാട്ടുകഴുതകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് അവരുടെ വംശം തന്നെ അവസാനിക്കുകയായിരുന്നു. ഇപ്പോള്‍ കിങ് സല്‍മാന്‍ റോയല്‍ റിസര്‍വ് സ്ഥിതി ചെയ്യുന്ന സ്ഥലം പണ്ട് സിറിയന്‍ കാട്ടുകഴുതകളുടെ ആവാസ കേന്ദ്രമായിരുന്നെന്ന് ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. വംശനാശം സംഭവിച്ച ഇക്വസ് ഹെമിയോണസ് ഹെമിപ്പസ് വംശത്തില്‍ പെടുന്ന വന്യമൃഗമാണ് പേര്‍ഷ്യന്‍ ഓണഗര്‍. 1900കളില്‍ വംശനാശം സംഭവിച്ച ശേഷം ഇപ്പോഴാണ് സ്വതന്ത്രമായി വിഹരിക്കുന്ന ഓണഗറുതകളെ സൗദിയിൽ കാണപ്പെടുന്നതെന്നും ലോകത്തില്‍ തന്നെ ഇവ ആകെ 600 എണ്ണത്തില്‍ താഴെയേ അവശേഷിക്കുന്നുള്ളൂയെന്നും കി​ങ് സ​ൽ​മാ​ൻ റോ​യ​ൽ റി​സ​ർ​വ്​ സിഇഒ ആ​ൻ​ഡ്രൂ സ​ലൂ​മി​സ് പറഞ്ഞു. വം​ശ​നാ​ശം സം​ഭ​വി​ച്ച​തി​ന് ശേ​ഷം പിന്നീട് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി പേര്‍ഷ്യന്‍ കാ​ട്ടു​ക​ഴു​തകള്‍ കാ​ണ​പ്പെ​ടു​ന്ത് സന്തോഷകരമായ കാര്യമാണെന്ന് ആ​ൻ​ഡ്രൂ സ​ലൂ​മി​സ് പറഞ്ഞു. 

Read Also -  'ഇന്നലെ സെയിൽസ്മാൻ ഇനി കട മുതലാളി'! ഭാര്യക്കൊപ്പമുള്ള ഷോപ്പിങ്ങിനിടെ കോൾ; അരവിന്ദിന്‍റെ ജീവിതം മാറ്റിയ രാത്രി

സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവിനെയും വിഷന്‍ 2030നെയും പിന്തുണയ്ക്കുന്നതാണ് കാട്ടുകഴുതകളുടെ പുനരുജ്ജീവനം സാധ്യമാക്കിയ റോയല്‍ റിസര്‍വിന്‍റെ സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍. ഓണഗറിന് പുറമെ നിരവധി മറ്റ് സ്പീഷീസുകളെയും റിസര്‍വ് വീണ്ടും പുനരധിവസിപ്പിച്ചിട്ടുണ്ട്. അറേബ്യന്‍ ഓറിക്സ്, നുബിയന്‍ ഐബിക്സ്, സാന്‍ഡ് ഗാസെല്ലെ, മൗണ്ടന്‍ ഗാസെല്ലെ, വിവിധ പക്ഷി വര്‍ഗങ്ങള്‍ എന്നിവയും ഇതില്‍പ്പെടുന്നു. ജൈവവൈവിധ്യം വര്‍ധിപ്പിക്കാനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കാനുമുള്ള രാജ്യത്തിന്‍റെ ലക്ഷ്യത്തിന്‍റെ ഭാഗമാണ് ഈ പരിശ്രമങ്ങള്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം