ദുബായ്: പ്രവാസി വ്യവസായി ജോലി അറയ്ക്കലിന്റെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് മകന്‍ പൊലീസില്‍ പരാതി നല്‍കി. കമ്പനിയിലെ പ്രൊജക്ട് ഡയറക്ടര്‍ക്കെതിരെയാണ് ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. ജോയി ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് മകന്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.

ജോയിയുടെ ഉടമസ്ഥതയിലുള്ള ഇന്നോവ ഗ്രൂപ്പ് ഹമ്രിയ ഫ്രീസോണില്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രൊജക്ട് ഡയറക്ടറായ ലെബനോന്‍ സ്വദേശിക്കെതിരായാണ് ആരോപണങ്ങള്‍. പ്രൊജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലില്‍ മനംനൊന്താണ് ജോയി ആത്മഹത്യ ചെയ്തതെന്ന് പരാതിയില്‍ ആരോപിക്കുന്നു. ആറ് വര്‍ഷം മുമ്പ് ആരംഭിച്ച ജോയിയുടെ ഈ സ്വപ്ന പദ്ധതിക്ക് 220 ദശലക്ഷം ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. മാര്‍ച്ചില്‍ ഇതിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സാധിച്ചില്ല. പദ്ധതി നീണ്ടുപോകുന്നതില്‍ ജോയി കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ മാസം 23നാണ് ജോയി ദുബായില്‍ വെച്ച് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിച്ച മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ അദ്ദേഹത്തിന്റെ വസതിയായ അറയ്ക്കല്‍ പാലസിലെത്തിച്ച ശേഷം രാവിലെ എട്ട് മണിയോടെ മാനന്തവാടി കണിയാരം സെന്റ് ജോസഫ് കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്കരിച്ചിരുന്നു.