റിയാദ്: അമിതവേഗത്തില്‍ പാഞ്ഞുവന്ന കാര്‍ നിയന്ത്രണം വിട്ട് പെട്രോള്‍ പമ്പിലേക്ക് പാഞ്ഞുകയറി. പമ്പിന് തീപിടിച്ചെങ്കിലും വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത് ഒരു യുവാവിന്റെ മനഃസാന്നിദ്ധ്യം. സൗദി അറേബ്യയിലെ മദീന പ്രവിശ്യയിലുള്ള യാംബുവില്‍ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

രാത്രി 12.30ഓടെയാണ് ഒരു കാര്‍ പമ്പിലേക്ക് പാഞ്ഞുകയറിയത്. പമ്പിലെ ഒരു തൂണില്‍ ഇടിച്ച കാര്‍ പിന്നീട് വാഹനത്തില്‍ ഇന്ധനം നിറച്ചുകൊണ്ടിരുന്ന ഒരു ടെര്‍മിനല്‍ ഇടിച്ചുതെറുപ്പിച്ചു. ഇതോടെയാണ് തീ ആളിക്കത്താന്‍ തുടങ്ങിയത്. വലിയ അപകടമായി മാറാവുന്ന തീപിടുത്തത്തിന് മുന്നില്‍ ജീവനക്കാര്‍ സ്തബ്ധരായി നില്‍ക്കവെ ഒരു സൗദി പൗരന്‍ ധൈര്യപൂര്‍വം മുന്നോട്ട് ചെന്നു. താമിര്‍  ഫയാസ് മര്‍സൂഖിയെന്ന് ഇയാള്‍ പമ്പിലെ അഗ്നിശമന ഉപകരണമെടുത്ത് തീയണയക്കാന്‍ തുടങ്ങി. ജീവനക്കാരില്‍ ചിലരും ഇയാളുടെ സഹായത്തിനെത്തി. വലിയ ദുരന്തമായി മാറിയേക്കുമായിരുന്ന അഗ്നിബാധ ഏറെ പരിശ്രമിച്ച് താമിറും സംഘവും നിയന്ത്രിക്കുകയായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.