കുവൈത്ത് സിറ്റി: സ്‍ത്രീകള്‍ക്ക് നിയമവിരുദ്ധമായി മയക്കുമരുന്നുകള്‍ വിതരണം ചെയ്‍ത ഫാര്‍മസിസ്റ്റിനെ കുവൈത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം (സി.ഐ.ഡി) അറസ്റ്റ് ചെയ്‍തു. രാജ്യത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്‍തിരുന്ന അറബ് പൗരനാണ്‌ അറസ്റ്റിലായത്. നിയമവിരുദ്ധമായി മരുന്നുകള്‍ നല്‍കുന്നതിന് പകരമായി, സ്‍ത്രീകള്‍ തന്റെ ഫ്ലാറ്റിലെത്തണമെന്നും നിര്‍ദേശങ്ങള്‍ക്കു വഴങ്ങണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്.

വിതരണത്തിന് കടുത്ത നിയന്ത്രണമുള്ള ഈ മരുന്നുകള്‍ ആശുപത്രിയിലെ ചില ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് ഇയാള്‍ നിയമവിരുദ്ധമായി കടത്തിയത്. ഡോക്ടര്‍മാരില്‍ നിന്ന് ആവശ്യമായ അളവിലുള്ള മരുന്നിന്റെ കുറിപ്പടികള്‍ ഇയാള്‍ സ്വന്തമാക്കിയാണ് പിടിക്കപ്പെടാതെ രക്ഷപ്പെട്ടിരുന്നത്. ഒരു വനിതാ പൊലീസ് ഏജന്റ് വേഷംമാറിയെത്തിയാണ് ഇയാളെ കൈയോടെ പിടികൂടിയത്.

ജോലി സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥ ഇയാളോട് നര്‍ക്കോട്ടിക് മരുന്നുകള്‍ ആവശ്യപ്പെട്ടു. തന്റെ അപ്പാര്‍ട്ട്മെന്റില്‍ എത്താമെന്ന നിബന്ധനയില്‍ ഇയാള്‍ മരുന്ന് നല്‍കാമെന്ന് സമ്മതിച്ചു. അപ്പാര്‍ട്ട്മെന്റില്‍ വെച്ച് ഗുളികകള്‍ നല്‍കാമെന്നും എന്നാല്‍ ഇതിന് പകരം അവിടെ വെച്ച് താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥ ഇതെല്ലാം രഹസ്യമായി ക്യാമറയില്‍ പകര്‍ത്തുകയും ചെയ്‍തു.

തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണം നടത്തുകയും ഇയാളുടെ അപ്പാര്‍ട്ട്മെന്റില്‍ പരിശോധന നടത്താനുള്ള അനുമതി പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് വാങ്ങുകയും ചെയ്‍തു. പൊലീസ് ഉദ്യോഗസ്ഥ ഫാര്‍മസിസ്റ്റിനെ ഫോണില്‍ ബന്ധപ്പെട്ടശേഷം അപ്പാര്‍ട്ട്മെന്റിലെത്തി. ഉദ്യോഗസ്ഥ അപ്പാര്‍ട്ട്മെന്റില്‍ പ്രവേശിച്ച ഉടന്‍ സി.ഐ.ഡി സംഘമെത്തി ഇയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ എട്ട് മാസമായി നിയമിവിരുദ്ധമായ മരുന്ന് കൈമാറ്റം നടക്കുന്നുണ്ടെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

മയക്കുമരുന്നിന് അടിമകളായ സ്‍ത്രീകള്‍ക്ക് പരസ്‍പരം അറിയാമായിരുന്നുവെന്നും ഇവര്‍ തന്നെയാണ് കൂടുതല്‍ സ്‍ത്രീകളെ താനുമായി ബന്ധപ്പെടുത്തിയതെന്നും ഇയാള്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ പങ്ക് സംബന്ധിച്ചും വെളിപ്പെടുത്തിയിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി  ഇയാളെ പ്രോസിക്യൂഷന് കൈമാറി.