മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ദുബൈ ഖിസൈസിലെ അമിറ്റി സ്കൂളിൽ നടക്കുന്ന 'ഓർമ കേരളോത്സവത്തിൽ' മുഖ്യമന്ത്രി പങ്കുചേരും. തിങ്കളാഴ്ച വൈകിട്ട് മുഖ്യമന്ത്രി ദുബൈയില്‍ പ്രവാസികളെ അഭിസംബോധന ചെയ്യും.

ദുബൈ: ദുബൈയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗർഗാവി, സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗക്ക്‌ അൽ മാറി, വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി, അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫിസ് ഡയറക്ടർ ജനറൽ ബദർ അൽ ഒലാമ, വിദേശ വ്യാപാര വകുപ്പ് അണ്ടർ സെക്രട്ടറി ഫഹദ് അൽ ഗർഗാവി എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്‌, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംസീർ വയലിൽ, ലുലു എക്സ്ചേഞ്ച് സിഇഒ അദീബ് അഹമ്മദ്, ഷാരൂൺ ഷംസുദീൻ എന്നിവരും പങ്കെടുത്തു. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് പിണറായി വിജയൻ ദുബൈയിലെത്തിയത്. മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. 

കഴിഞ്ഞ ദിവസം ദുബൈയിലെത്തിയ പിണറായി വിജയനെ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ, സ്വീകരണ പരിപാടിയുടെ ജനറൽ കൺവീനർ, ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിച്ചു. ദുബൈ ഖിസൈസിലെ അമിറ്റി സ്കൂളിൽ നടക്കുന്ന 'ഓർമ കേരളോത്സവത്തിൽ' മുഖ്യമന്ത്രി പങ്കുചേരും. തിങ്കളാഴ്ച വൈകിട്ട് മുഖ്യമന്ത്രി ദുബൈയില്‍ പ്രവാസികളെ അഭിസംബോധന ചെയ്യും. മുഖ്യമന്ത്രിയുടെ അഞ്ച് ഗൾഫ് രാജ്യങ്ങളിലെ സന്ദർശനം ദുബൈയിൽ അവസാനിക്കുകയാണ്.