പിങ്ക് നിറത്തിലുള്ള വെള്ളമൊഴുകുന്ന ഖത്തറിലെ ഒരു ജലാശയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.

ദോഹ: ഖത്തറിന്റെ വടക്കന്‍ മേഖലയില്‍ രൂപംകൊണ്ട പിങ്ക് ജലാശയം (Pink water-body) സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. ചിലര്‍ ട്വിറ്ററിലൂടെ (Twitter) ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും പങ്കുവെച്ചതിന് പിന്നാലെ നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‍തു. ഖത്തര്‍ പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

വെള്ളത്തിന്റെ നിറം മാറ്റത്തിന് കാരണം എന്താണെന്ന് കണ്ടെത്താന്‍ പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. മുഹമ്മദ് അബ്‍ദുല്‍ മുഹ്‍സിന്‍ അല്‍ ഫയാദ് എന്നയാളാണ് ആദ്യം ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചത്. സംഭവത്തില്‍ ഉടന്‍ തന്നെ ഇടപെടുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്‍ത പരിസ്ഥിതി മന്ത്രാലയത്തെ പിന്നീട് അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‍തു.

വെള്ളത്തിലെ ചില പ്രത്യേകതരം ആല്‍ഗകളും ബാക്ടീരിയകളും കാരണമാണ് ഇത്തരമൊരു നിറവ്യത്യാസമുണ്ടാകുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മഴ കുറയുമ്പോള്‍ വെള്ളത്തില്‍ ഉപ്പിന്റെ അംശം വര്‍ദ്ധിക്കുകയും വെള്ളത്തിന്റെ താപനില കൂടുകയും ചെയ്യും. ഉപ്പുവെള്ളത്തില്‍ വളരുന്ന ചില ആല്‍ഗകള്‍ ഈ സാഹചര്യത്തില്‍ കൂടുതലായി വളരുടെയും അവ പിങ്ക് നിറത്തിലുള്ള ഒരു വസ്‍തു പുറപ്പെടുവിക്കുകയും ചെയ്യും. ഇതാണ് വെള്ളത്തിന്റെ നിറം മാറ്റത്തിന് കാരണമാവുന്നതെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന നടത്തണമെന്നും ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെട്ടു.


Scroll to load tweet…