ദുബായ്: പാലായിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പി.ജെ ജോസഫും, ജോസ് കെ. മാണിയും ദുബായില്‍ ഒരേ വേദിയില്‍. ഇന്നലെ ദുബായില്‍ ആരംഭിച്ച കത്തോലിക്കാ കോൺഗ്രസ് ആഗോളസമ്മേളനത്തിൽ പങ്കെടുക്കാനാണ് കേരള കോൺഗ്രസ് നേതാക്കൾ ഒരുമിച്ച് ദുബായിലെത്തിയത്.

ഒരു വിമാനത്തിലാണ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പി.ജെ ജോസഫും, ജോസ് കെ. മാണിയും ദുബായിലെത്തിയത്. സമ്മേളനത്തില്‍ ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടു. ദുബായിലെ പ്രവാസി സംഘടകളുടെ നേതൃത്വത്തില്‍ നേതാക്കള്‍ക്ക് സ്വീകരണമൊരുക്കിയിരുന്നു. പ്രവര്‍ത്തകര്‍ക്കൊപ്പം ജോസ്. കെ മാണിയും പി.ജെ ജോസഫും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം നേതാക്കള്‍ ദുബായില്‍ ഒരുമിക്കുന്നെന്ന അടിക്കുറിപ്പോടെ നിരവധിപ്പേര്‍ ഇവരുടെ ഫോട്ടോയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

കത്തോലിക്കാ കോൺഗ്രസ് ആഗോളസമ്മേളനത്തിൽ സംസാരിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സഭയുടെയും സമൂഹത്തിന്റെയും ഐക്യത്തിന് വേണ്ടി രാഷ്ട്രീയക്കാര്‍ക്കിടയിലും ഒരുമയുണ്ടാകണമെന്ന് ഓര്‍മിപ്പിച്ചു. തെക്കൻ അറേബ്യ അപ്പസ്തോലിക് വികാരി ബിഷപ്പ് പോൾ ഹിൻഡർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിറോ മലബാർ സഭയുമായി ബന്ധപ്പെട്ട രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം തുടങ്ങിയ വിവിധ വിഷയങ്ങളാണ് രണ്ടുദിവസത്തെ സമ്മേളനം ചർച്ച ചെയ്യുന്നത്.