ദില്ലി: കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസ് യോഗത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നേരന്ദ്രമോദി. പ്രവാസികളെ തിരികെ കൊണ്ടുവരുമ്പോഴും അവർക്ക് യാതൊരു അസൗകര്യവുമുണ്ടാക്കരുത്. അവരുടെ കുടുംബങ്ങൾക്ക് ഒരുതരത്തിലുമുള്ള ഭീഷണിയുണ്ടാവില്ലെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ വിമാന സർവ്വീസ് നിർത്തിവെച്ചതോടെ പലരും തിരികെയെത്താൻ കഴിയാതെ വിദേശത്ത് കുടുങ്ങിയിരിക്കുകയാണ്. ഇവരുടെ മടക്കം സംബന്ധിച്ച്  അവ്യക്തതകൾ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. എന്നാൽ എങ്ങനെയാവും പ്രവാസികളെ തിരികെ കൊണ്ടുവരികയെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി വ്യക്തതയൊന്നും നൽകിയിട്ടില്ല നേരത്തെ രാജ്യത്തിന് പല ഭാഗങ്ങളിലും ആരോഗ്യപ്രവർത്തകർക്കും വിദേശത്ത് നിന്നെത്തിയവർക്കുമെതിരെ ആക്രമണങ്ങളുണ്ടായിരുന്നു. പലയിടങ്ങളിലും വിദേശത്ത് നിന്നെത്തുന്നവരുടെ കുടംബാംഗങ്ങളെപോലും ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. 

പ്രവാസികളെ തിരിച്ചെത്തിക്കാന്‍ പാകിസ്ഥാന്‍; യുഎഇയില്‍ നിന്ന് 21 വിമാനസര്‍വ്വീസുകള്‍ കൂടി

പ്രവാസികളിൽ രോഗബാധയില്ലാത്തവരെ തിരിച്ചെത്തിക്കണമെന്ന ആവശ്യം നേരത്തെ തന്നെ സംസ്ഥാനം കേന്ദ്രത്തിന് മുന്നിൽ വെച്ചിരുന്നു. വിദേശത്തു നിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് നോർക്ക വഴിയുള്ള രജിസിട്രേഷൻ ആരംഭിച്ചിട്ടുണ്ട്. 
കൊവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് എത്താനായി പ്രവാസികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പന്ത്രണ്ട് മണിക്കൂറിനുള്ളിൽ ഒന്നര ലക്ഷം പ്രവാസികളാണ് നോർക്കയുടെ വെബ്സൈറ്റിൽ രജിസ്ട്രർ ചെയ്തത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടും നോർക്കയുടെ വെബ്സൈറ്റിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.  160 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ഇതിനകം രജിസ്ട്രേഷൻ തുടങ്ങി. യുഎഇയിൽ നിന്നാണ് കൂടുതൽ രജിസ്ട്രഷനുകൾ. കുറവ് അമേരിക്കയിൽ നിന്നും. രജിസ്ട്രേഷൻ കണക്കുകൾ കേരളം കേന്ദ്രത്തിന് കൈമാറും.  രോഗലക്ഷണമില്ലാത്തവർക്കാണ് മടങ്ങാൻ അവസരം നൽകുക. രജിസ്ട്രേഷൻ തുടങ്ങിയെങ്കിലും പ്രത്യേക വിമാന സർവ്വീസ് അടക്കമുള്ളകാര്യങ്ങളിൽ കേന്ദ്രമാണ് ഇനി തീരുമാനിക്കേണ്ടത്.