റാസല്‍ഖൈമ: കനത്ത മഴയെ തുടര്‍ന്ന് റാസല്‍ഖൈമയിലെ ജബല്‍ജൈസില്‍ കുടുങ്ങിയ അഞ്ഞൂറിലധികം പേരെ പൊലീസ് ഹെലികോപ്റ്ററില്‍ രക്ഷിച്ചു. 300ഓളം കാറുകളിലെത്തിയവരാണ് കഴിഞ്ഞ ദിവസം വൈകുന്നേരം യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ ജബല്‍ ജൈസില്‍ കുടുങ്ങിയത്. ഞായറാഴ്ച രാവിലെയോടെയാണ് ഇവരെ പൂര്‍ണ്ണമായും രക്ഷപെടുത്തിയതെന്ന് യുഎഇ മാധ്യമമായ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച പെട്ടെന്നുണ്ടായ മഴയില്‍ വെള്ളം കുത്തിയൊലിച്ചതോടെ ജബല്‍ ജൈസിലേക്കുള്ള റോഡുകള്‍ തകരുകയായിരുന്നു. തുടര്‍ന്നാണ് സന്ദര്‍ശകര്‍ കുടുങ്ങിയത്. 20 പേരടങ്ങുന്ന സംഘങ്ങളായി തിരിച്ചാണ് പൊലീസ് ഹെലികോപ്റ്ററില്‍ ഇവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചത്. റോഡുകള്‍ തകര്‍ന്നപ്പോള്‍ തന്നെ അടിയന്തര സഹായം ലഭ്യമാക്കാന്‍ റാസല്‍ഖൈമ പൊലീസ് സ്ഥലത്തെത്തിയിരുന്നു. പലരും 15 മണിക്കൂറോളം ജബല്‍ ജൈസില്‍ കുടുങ്ങി. തുടര്‍ന്ന് ദുബായ്, അബുദാബി പൊലീസ് സേനകളുടെ സഹായത്തോടെ റാസല്‍ഖൈമ പൊലീസ് ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കുടുങ്ങിക്കിടന്നവര്‍ക്ക് പൊലീസ് ഭക്ഷവും വെള്ളവും മരുന്നും വെളിച്ചവും എത്തിച്ചു. രക്ഷാപ്രവര്‍ത്തകര്‍ എത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത് വരെ അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് പോകാന്‍ ശ്രമിക്കരുതെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉള്‍ പ്രദേശങ്ങളിലെ റോഡ‍ുകളിലും ഹൈവേകളിലും ജനങ്ങളെ സഹായിക്കാനായി റാസല്‍ഖൈമ പൊലീസ് 77 ട്രാഫിക് പട്രോള്‍ സംഘങ്ങളെ നിയോഗിച്ചു. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ സൂക്ഷിക്കണമെന്നും പൊലീസ് അറിയിച്ചു.