നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രവാസിയെ പിടികൂടി കുവൈത്ത് പൊലീസ്. ഓടി രക്ഷപ്പെടാനാണ് ഇയാൾ ശ്രമിച്ചത്. എന്നാൽ അധികൃതർ ഉടൻ തന്നെ ഇയാളെ പിടികൂടി. 

കുവൈത്ത് സിറ്റി: നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രവാസിയെ പിടികൂടി അധികൃതർ. കുറ്റകൃത്യ പശ്ചാത്തലമുള്ള ഈജിപ്ഷ്യൻ പ്രവാസിയാണ് കുവൈത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ നിന്ന് നാടകീയമായി രക്ഷപ്പെടാൻ ശ്രമിച്ചത്. ഓടി രക്ഷപ്പെടാനാണ് ഇയാൾ ശ്രമിച്ചത്. എന്നാൽ അധികൃതർ ഉടൻ തന്നെ ഇയാളെ പിടികൂടുകയും, കൈവിലങ്ങണിയിക്കുകയും, നാടുകടത്തൽ ജയിലിലെ സെല്ലിലേക്ക് മാറ്റുകയും ചെയ്തു.

ഇയാൾ നാടുകടത്തൽ നടപടികൾക്കായി തടങ്കലിൽ തുടരുകയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, 2025 ജനുവരി 1 മുതൽ നവംബർ 10 വരെ വിവിധ കുറ്റകൃത്യങ്ങൾ, താമസ നിയമ ലംഘനങ്ങൾ, ക്രിമിനൽ പ്രവർത്തനങ്ങൾ, പെരുമാറ്റ ലംഘനങ്ങൾ എന്നിവയുടെ പേരിൽ ഏകദേശം 34,143 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തിയിട്ടുണ്ട്. ഭരണപരമായ നിയമങ്ങൾ നടപ്പിലാക്കുന്നതിനും പൊതു ക്രമം സംരക്ഷിക്കുന്നതിനുമുള്ള ഊർജ്ജിതമായ ക്യാമ്പയിന്‍റെ ഭാഗമാണ് ഈ നടപടികളെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.