ജഹ്റയിലെ പാര്‍ക്കില്‍ ആയുധങ്ങളുമായെത്തി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ യുവാക്കളെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.

കുവൈത്ത് സിറ്റി: പാര്‍ക്കില്‍ യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. കുവൈത്തിലെ ജഹ്റയിലായിരുന്നു (Jahra) സംഭവം. സംഘര്‍ഷം സംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‍പെഷ്യല്‍ ഫോഴ്‍സസ് അംഗങ്ങള്‍ സ്ഥലത്തെത്തിയെങ്കിലും പൊലീസിന്റെ നിര്‍ദേശങ്ങള്‍ ചെവിക്കൊള്ളാന്‍ യുവാക്കള്‍ തയ്യാറായില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കത്തികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്‍തു. അംഗസംഖ്യ കുറവായിരുന്നതിനാല്‍ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് ഇവരെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് പൊലീസ് ആകാശത്തേക്ക് വെടിവെച്ചത്. സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളില്‍ നാല് പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള യുവാക്കളെ ചോദ്യം ചെയ്‍തു.