Asianet News MalayalamAsianet News Malayalam

ലഗേജ് വെയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ദമ്പതികളെ വിമാനത്തില്‍ നിന്ന് ബലംപ്രയോഗിച്ച് പുറത്തിറക്കി

ഈജിപ്തില്‍ നിന്ന് ഫ്രാന്‍സിലേക്ക് യാത്ര ചെയ്യുകയായിരുന്നു കുടുംബം. മൊറോക്കോ പൗരയായ സ്ത്രീ തന്റെ ഹാന്റ് ബാഗ് സീറ്റിനടുത്ത് വെച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിമാനം റൊമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍ ഇറങ്ങിയപ്പോള്‍ ഒരു ജീവനക്കാരന്‍ ഇവരോട് ബാഗ് മാറ്റണമെന്ന് നിര്‍ദേശിച്ചു.

Police  remove family from plane
Author
Cairo, First Published Jul 23, 2019, 3:13 PM IST

കെയ്റോ: വിമാനത്തില്‍ ലഗേജ് വെച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭാര്യയും ഭര്‍ത്താവും മകനുമടങ്ങുന്ന കുടുംബത്തെ വിമാനത്തില്‍ നിന്ന് പൊലീസ് ബലം പ്രയോഗിച്ച് പുറത്തിറക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റൊമാനിയന്‍ വിമാനത്തില്‍ വെച്ച് ഒരു ഈജിപ്ഷ്യന്‍ കുടുംബമാണ് ജീവനക്കാരുമായി തര്‍ക്കിച്ചതും തുടര്‍ന്ന് പൊലീസ് നടപടിയില്‍ കലാശിച്ചതും. വിമാനത്തില്‍ നിന്ന് ഇവരെ വലിച്ചിഴച്ച് താഴെയിറക്കുന്നത് മറ്റ് യാത്രക്കാര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് യാത്രക്കാര്‍ ബഹളം വെയ്ക്കുന്നതും വീഡിയോയില്‍ കാണാം.

ഈജിപ്തില്‍ നിന്ന് ഫ്രാന്‍സിലേക്ക് യാത്ര ചെയ്യുകയായിരുന്നു കുടുംബം. മൊറോക്കോ പൗരയായ സ്ത്രീ തന്റെ ഹാന്റ് ബാഗ് സീറ്റിനടുത്ത് വെച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിമാനം റൊമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍ ഇറങ്ങിയപ്പോള്‍ ഒരു ജീവനക്കാരന്‍ ഇവരോട് ബാഗ് മാറ്റണമെന്ന് നിര്‍ദേശിച്ചു. എമര്‍ജന്‍സി വാതിലിന് സമീപത്തുള്ള സീറ്റായതിനാല്‍ സുരക്ഷാ മാനദണ്ഡപ്രകാരം അവിടെ ബാഗ് വെയ്ക്കാന്‍ അനുവദിക്കാനാവില്ലെന്ന് ജീവനക്കാരന്‍ അറിയിച്ചു.  എന്നാല്‍ തന്റെ യാത്രാ രേഖകള്‍ ഉള്‍പ്പെടെ വിലപ്പെട്ട വസ്തുക്കള്‍ ബാഗിലുണ്ടെന്നും ബാഗ് ഇവിടെ നിന്ന് മാറ്റാനാവില്ലെന്നും സ്ത്രീ പറഞ്ഞു.

ഏറെനേരത്തെ വാഗ്വാദത്തിനൊടുവില്‍ ജീവനക്കാര്‍ പൊലീസിനെ വിളിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇവരോട് ഇറങ്ങാന്‍ നിര്‍ദേശിച്ചു. ഇതിന് വിസമ്മതിച്ചതോടെ പൊലീസ് ബലംപ്രയോഗിച്ച് വലിച്ചിഴച്ച് പുറത്തിറക്കുകയായിരുന്നു. സ്ത്രീയും മകനും നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മറ്റ് യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്ന് ഈജിപ്ഷ്യന്‍, മൊറോക്കന്‍ എംബസികള്‍ അറിയിച്ചു. വിമാനത്തില്‍ നിന്ന് പുറത്തിറക്കിയ കുടുംബം മറ്റൊരു വിമാനത്തില്‍ ഈജിപ്തിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Follow Us:
Download App:
  • android
  • ios