ദുബായ്: ദുബായില്‍ ഞരമ്പുകള്‍ മുറിച്ച ശേഷം കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മലയാളി ആത്മഹത്യ ചെയ്ത സംഭവം കൊവിഡ് ഭീതി മൂലമല്ലെന്ന് ദുബായ് പൊലീസ്. കൊല്ലം പ്രാക്കുളം സ്വദേശി അശോകന്‍ പുരുഷോത്തമന്റെ മരണകാരണം കൊവിഡ് ബാധിച്ചേക്കുമോ എന്നുള്ള ഭയം മൂലമായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ ദുബായ് പൊലീസ് നിഷേധിച്ചു. 

വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കെട്ടിടത്തില്‍ അണുബാധ ഉണ്ടായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പൊലീസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഫോറന്‍സിക പരിശോധനയ്ക്ക് ശേഷം മാത്രമെ സംഭവത്തിന്റെ വിശദാംശങ്ങള്‍ പറയാനാകൂ എന്നും ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ അറിയിച്ചു.

വെള്ളിയാഴ്ചയാണ് ജബല്‍ അലിയില്‍ വെച്ച് കാലിലെ ഞരമ്പുകള്‍ മുറിച്ച ശേഷം കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി അശോകന്‍ ആത്മഹത്യ ചെയ്തത്. താഴെ പാര്‍ക്ക് ചെയ്തിരുന്ന ബസിന് മുകളില്‍ വീണ അദ്ദേഹത്തെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകള്‍ ഗുരുതരമായതിനാല്‍ മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് പരിശോധനയ്ക്കായി അശോകന്‍ സാമ്പിളുകള്‍ നല്‍കിയിരുന്നു. രോഗം ബാധിച്ചേക്കാമോ എന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.