അജ്ഞാത വ്യക്തി അതിക്രമിച്ച് കയറി വിലപിടിപ്പുള്ള 40 പ്രാവുകളെ മോഷ്ടിച്ചു. തുടർന്ന് അവയെ ലേലത്തിന് വച്ചു. ചുറ്റുമതിൽ ചാടി കയറിയാണ് മോഷ്ടാവ് പരിസരത്ത് പ്രവേശിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് പ്രദേശത്ത് വിലപിടിപ്പുള്ള പ്രാവുകളെ മോഷ്ടിച്ചു. തന്‍റെ പ്രാവിൻകൂട് കൊള്ളയടിക്കപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് ഒരു ഗൾഫ് പൗരൻ കബ്ദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഒരു അജ്ഞാത വ്യക്തി അതിക്രമിച്ച് കയറി പ്രത്യേക ഒരു ഇനത്തിൽപ്പെട്ട വിലയേറിയ 40 പ്രാവുകളെ മോഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്. തുടർന്ന് അവയെ ലേലത്തിന് വച്ചതായി അദ്ദേഹം പറഞ്ഞു.
പ്രത്യേകിച്ച് ആരെയും സംശയമില്ലെന്നും കൂട്ടിൽ നിർബന്ധിതമായി പ്രവേശിച്ചതിന് പ്രത്യക്ഷത്തിൽ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചുറ്റുമതിൽ ചാടി കയറിയാണ് മോഷ്ടാവ് പരിസരത്ത് പ്രവേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റവാളിയെ തിരിച്ചറിയാനും മോഷ്ടിച്ച പ്രാവുകളെ വീണ്ടെടുക്കാനും അധികൃതർ അന്വേഷണം ആരംഭിച്ചു.


