കണ്ണൂർ തലശേരിയിൽ അരലക്ഷത്തിലധികം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയതായി പരാതി. കതിരൂരിലെ ലോട്ടറി സ്റ്റാളിലേക്ക് കൊണ്ടുപോകാൻ തലശേരി ബസ്റ്റാന്റിൽ എത്തിച്ച 1600 ടിക്കറ്റുകളാണ് നഷ്ടമായത്.
കണ്ണൂർ: കണ്ണൂർ തലശേരിയിൽ അരലക്ഷത്തിലധികം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയതായി പരാതി. കതിരൂരിലെ ലോട്ടറി സ്റ്റാളിലേക്ക് കൊണ്ടുപോകാൻ തലശേരി ബസ്റ്റാന്റിൽ എത്തിച്ച 1600 ടിക്കറ്റുകളാണ് നഷ്ടമായത്. തലശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പതിവുപോലെ തലശേരി ബസ്റ്റാന്റിൽ കെട്ടുകളായി എത്തിച്ച ലോട്ടറി. തലശേരിയിലെ ഏജൻസിയിൽ നിന്നും കതിരൂരിലെ സ്റ്റാളിലേക്ക് ബസിൽ കയറ്റിവിടാനായിരുന്നു പദ്ധതി. എന്നാൽ കതിരൂരിൽ ലോട്ടറി എത്തിയില്ല. 1600 ലോട്ടറി ടിക്കറ്റുകൾ തലശേരി ബസ്റ്റാന്റിൽ വച്ച് തന്നെ നഷ്ടമായി. സുവർണ കേരളം, കാരുണ്യ പ്ലസ് തുടങ്ങീ ഭാഗ്യക്കുറികളാണ് മോഷ്ടിച്ചത്. ഏഴിടത്തേക്ക് ഞങ്ങൾ കൊടുക്കാറുണ്ട്, അതിനിടെയാണ്, 68000 രൂപ വിലമതിക്കുന്ന ടിക്കറ്റുകൾ മോഷണം പോയതെന്ന് ഏജൻസി ജീവനക്കാരൻ പറഞ്ഞു. തലശേരിയിലെ ഏജൻസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ചുവന്ന ടീ ഷർട്ട് ധരിച്ചൊരാൾ ടിക്കറ്റുമായി പോകുന്ന ദൃശ്യങ്ങളും ലഭിച്ചു. പ്രതി ഉടൻ പിടിയിലാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.

