ബഹ്റൈനിലെ തിരുഹൃദയ ദേവാലയത്തിൽ ഗൾഫ് മേഖലയിലെ വൈദികര്‍ക്കും സന്യസ്തര്‍ക്കുമൊപ്പമുള്ള പ്രാര്‍ഥനാ ശുശ്രൂഷയായിരുന്നു രാജ്യത്തെ മാര്‍പാപ്പയുടെ അവസാന ഔദ്യോഗിക പരിപാടി.

മനാമ: നാലു ദിവസത്തെ ബഹ്റൈൻ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാൻസിസ് മാര്‍പാപ്പ തിരികെ മടങ്ങി. ബഹ്റൈൻ വിമാനത്താവളത്തിൽ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ മാര്‍പാപ്പയെ യാത്രയാക്കി. ഈജിപ്തിലെ അൽ അസര്‍ മോസ്ക് ഗ്രാൻഡ് ഇമാം ഷെയ്ഖ് അഹമ്മദ് അൽ തയബും മാര്‍പാപ്പയെ യാത്രയാക്കാനെത്തിയിരുന്നു.

ബഹ്റൈനിലെ തിരുഹൃദയ ദേവാലയത്തിൽ ഗൾഫ് മേഖലയിലെ വൈദികര്‍ക്കും സന്യസ്തര്‍ക്കുമൊപ്പമുള്ള പ്രാര്‍ഥനാ ശുശ്രൂഷയായിരുന്നു രാജ്യത്തെ മാര്‍പാപ്പയുടെ അവസാന ഔദ്യോഗിക പരിപാടി. കിഴക്കും പടിഞ്ഞാറും മനുഷ്യൻറെ നിലനിൽപിന് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ലോക മതസമ്മേളനത്തിൽ പങ്കെടുക്കാനാണ് മാര്‍പാപ്പ ബഹ്റൈനിലെത്തിയത്. നാലു ദിവസം നീണ്ട സന്ദര്‍ശനത്തിൽ ആതിഥ്യമൊരുക്കിയ ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും മാര്‍പാപ്പ നന്ദി രേഖപ്പെടുത്തി.

Read More -  ചരിത്രം കുറിച്ച് മാര്‍പാപ്പയുടെ ബഹ്റൈന്‍ സന്ദര്‍ശനം; കുര്‍ബാനയില്‍ പങ്കെടുത്തത് 111 രാജ്യങ്ങളിലെ പൗരന്മാര്‍

കഴിഞ്ഞ ദിവസം ബഹ്റൈൻ നാഷണൽ സ്റ്റേഡിയത്തിലെ കുർബാനയില്‍ 111 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. ചരിത്രനിമിഷത്തിനാണ് ബഹ്റൈൻ നാഷണൽ സ്റ്റേഡിയം വേദിയായത്. പതിനായിരങ്ങളെ സാക്ഷിയാക്കി മാർപാപ്പ കുർബാന ചൊല്ലി. കുർബാനയിൽ പങ്കെടുക്കാൻ തലേദിവസം രാത്രി തന്നെ ജനങ്ങൾ സ്റ്റേഡിയത്തിലേക്ക് എത്തി തുടങ്ങിയിരുന്നു. 24,000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്റ്റേഡിയത്തിൽ മുപ്പതിനായിരത്തിലേറെ പേരാണ് മാർപാപ്പയെ കാണാനും കുർബാന സ്വീകരിക്കാനുമെത്തിയത്. ഇന്ത്യയുൾപ്പെടെ മറ്റ് രാജ്യങ്ങളിൽ നിന്നും ഒട്ടേറെപേരെത്തിയിരുന്നു.

Read More - ലോകസമാധാനത്തിനായി ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പയും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമും

എല്ലാവരെയും എപ്പോഴും സനേഹിക്കാനായിരുന്നു കുർബാനയിൽ മാർപാപ്പ ആഹ്വാനം ചെയ്തത്. അക്രമത്തെ അക്രമംകൊണ്ട് നേരിട്ടാൽ സമാധാനമുണ്ടാകില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. മലയാളം ഉൾപ്പെടെ വിവിധ പ്രാർഥനകൾ വായിച്ചു. സ്റ്റേഡിയിത്തിൽ ഒത്തുചേർന്നവരോട് നന്ദി പറഞ്ഞ മാർപാപ്പ ആഗോള കത്തോലിക സഭയുടെ സ്നേഹവും കരുതലും അവരുമായി പങ്കുവച്ച ശേഷമാണ് മടങ്ങിയത്. മൂന്നു വര്‍ഷത്തിനിടെ ഗൾഫ് മേഖലയിലേക്ക് ഫ്രാൻസിസ് മാര്‍പാപ്പ നടത്തിയ രണ്ടാം സന്ദര്‍ശനമായിരുന്നു ഇത്.