മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡക്ക് ബിജെപി രാജ്യസഭാ സീറ്റ് നിഷേധിച്ചതിൽ ജെഡിഎസിൽ അതൃപ്തി പുകയുന്നു. പ്രായവും ആരോഗ്യവും ചൂണ്ടിക്കാട്ടി ബിജെപി ഈ നീക്കത്തെ ന്യായീകരിക്കുമ്പോൾ, സഖ്യകക്ഷിയെ ചതിച്ചുവെന്ന ആരോപണവുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തി. ഈ അവസരം മുതലെടുക്കാൻ കോൺഗ്രസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരു: 93 വയസുള്ള , മുൻ പ്രധാനമന്ത്രിയും ജനതാദൾ (സെക്കുലർ) നേതാവുമായ എച്ച്.ഡി. ദേവഗൗഡക്ക് ബിജെപി രാജ്യസഭാ സീറ്റ് നിഷേധിച്ചതിൽ ജെഡിഎസിൽ അസംതൃപ്തി. ദേവഗൗഡയുടെ പ്രായവും ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്തുള്ള നടപടിയെന്ന് ബിജെപി വിശദീകരണം നൽകുമ്പോൾ, ബിജെപി ചതിച്ചുവെന്നാണ് ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നത്. എന്നാൽ ജെഡിഎസ് രാജ്യസഭാ സീറ്റ്‌ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് നിലവിൽ പാർട്ടി ചുമതല വഹിക്കുന്ന മകൻ എച്ച്.കെ. കുമാരസ്വാമി വിശദീകരിക്കുന്നത്. പക്ഷേ കുമാരസ്വാമി ബിജെപിക്ക് കീഴടങ്ങിയെന്ന് ചൂണ്ടാക്കാട്ടി വിമർശിക്കുന്നവരും ഏറെയാണ്. കർണാടക ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായും, എ.ബി.വി.പി സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള എം.നാഗരാജയെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിജെപിയോട് ഇടഞ്ഞ ജെഡിഎസ് പ്രവർത്തകരെ ഒപ്പം പിടിച്ച് അവസരം പ്രയോജനപ്പെടുത്താൻ കോൺഗ്രസ്‌ നീക്കം തുടങ്ങി. ജെഡിഎസ് പ്രവർത്തകരെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സ്വാഗതം ചെയ്തു. സംസ്ഥാനത്ത് ജെഡിഎസിന്റെ വോട്ട് ബാങ്ക് എന്ന് വിലയിരുത്തപ്പെടുന്നത് വൊക്കലിഗ സമുദായമാണ്. ഈ വിഭാഗത്തിൽ നിന്നുള്ള ആളാണ് ഡി.കെ. ഈ സാഹചര്യത്തിൽ അസംതൃപ്തിയുള്ള ജെഡിഎസ് പ്രവർത്തകരെ പാളയത്തിലേക്ക് എത്തിക്കാനായാൽ ജെഡിഎസ് വോട്ട് വിഹിതത്തിൽ ചോർച്ച ഉണ്ടാക്കാമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്. കുമാരസ്വാമി ഉൾപ്പെടെയുള്ള നേതാക്കളെ തഴഞ്ഞ് പ്രവർത്തകരെ ഉന്നംവയ്ക്കുന്നതും ഇതേ ലക്ഷ്യം വച്ചുതന്നെയാണ്.

എച്ച്.ഡി. ദേവഗൗഡയ്ക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ചുകൊണ്ട് പ്രൊഫ. നാഗരാജിനെയാണ് ബി.ജെ.പി രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ ദേവഗൗഡയുടെ ആറ് പതിറ്റാണ്ടിലേറെ നീണ്ട സജീവ പാർലമെന്റ് റി രാഷ്ട്രീയ ജീവിതത്തിന് വിരാമമായിരിക്കുകയാണ്.

സഖ്യകക്ഷിയായ ജെഡിഎസിനെ പരിഗണിക്കുന്നതിനേക്കാൾ, തങ്ങളുടെ സ്വന്തം വോട്ട് ബാങ്ക് ഉറപ്പിച്ചുനിർത്താനാണ് ഒബിസി നേതാവായ എം. നാഗരാജയെ മത്സരിപ്പിക്കാനാണ് ബിജെപി തീരുമാനിച്ചത്. നിയമസഭയിൽ വെറും 18 എംഎൽഎമാർ മാത്രമുള്ള ജെഡിഎസിന്, ബിജെപിയുടെ പിന്തുണയില്ലാതെ സ്വന്തം നിലയ്ക്ക് രാജ്യസഭാ സീറ്റ് നേടാനാകുമായിരുന്നില്ല. ദേവഗൗഡയെ ബിജെപി ഒഴിവാക്കിയതിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തെത്തി. കേന്ദ്രമന്ത്രിസ്ഥാനം നിലനിർത്താൻ എച്ച്.ഡി. കുമാരസ്വാമി ബിജെപിയുടെ അവഗണനകൾ സഹിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല കുറ്റപ്പെടുത്തുന്നു. 2020-ൽ ആശയപരമായ വ്യത്യാസങ്ങൾ മറന്ന്, മുൻ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ദേവഗൗഡയുടെ രാജ്യസഭാ പ്രവേശനത്തെ പിന്തുണച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.