റിയാദ്: നാട്ടിലേക്കു മടങ്ങാനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഗർഭിണികളായ മലയാളി നേഴ്‌സുമാർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് പോകാൻ കഴിയാതെ സൗദിയിൽ കുടുങ്ങിയ തങ്ങളെ എങ്ങനെയും നാട്ടിലെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. 

റിയാദിൽ നിന്ന് മാത്രം നാട്ടിലേക്കു മടങ്ങാനായി കാത്തിരിക്കുന്നത് എൺപതിലധികം മലയാളി നേഴ്‌സുമാരാണ്. കൂടാതെ സൗദിയുടെ വിദൂര ഗ്രാമങ്ങളിൽ ജോലി ചെയ്തിരുന്ന നിരവധി ഗർഭിണികളായ നേഴ്‌സുമാരും നാട്ടിൽ പോകാൻ കഴിയാതെ നിസ്സഹായാവസ്ഥയിലാണ്. 

എങ്ങനെയും തങ്ങളെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി സംഘടനയായ പ്ളീസ് ഇന്ത്യ മുഖേന പ്രധാനമന്ത്രിക്കടക്കം പരാതി നൽകി കാത്തിരിക്കുകയാണിവർ. കൂടാതെ സുപ്രീം കോടതിയിൽ ഹർജിയും സമർപ്പിച്ചിട്ടുണ്ട്.

നേഴ്‌സുമാരിൽ കൂടുതൽ പേരും തൊഴിൽ കരാർ അവസാനിച്ചു ഫൈനൽ എക്സിറ്റിൽ മടങ്ങേണ്ടവരാണ്. സഹായിക്കാനോ പ്രസവ ശുശ്രുഷക്കോ ആരുമില്ലാത്തതിനാൽ എങ്ങനെയും നാട്ടിലെത്തിക്കണമെന്നാണ് ഇവരുടെ അപേക്ഷ.