ഇന്ത്യയുടെ വൈവിധ്യത്തെയും കലാ സാംസ്കാരിക പാരമ്പര്യത്തെയും ഉൾകൊള്ളുന്ന സംഗമത്തിൽ ഇന്ത്യയിലെ വിവിധ കലാ രൂപങ്ങൾക്ക് ഒപ്പം ഒമാനിലെ തനത് കലാരൂപങ്ങളും അരങ്ങേറും. 

മസ്കറ്റ്: മെയ് 5, 6 തീയ്യതികളില്‍ മസ്‍കറ്റിലെ അമറാത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി സംഘടകർ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. ഒമാനിലെ പ്രവാസി സമൂഹം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കലാ - സാംസ്കാരിക സംഗമം ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും എത്തുന്നത്. 

'മാറുന്ന ലോകത്തെ - മുന്നേറ്റങ്ങളുടെ മുന്നിലാണ് സ്ത്രീ' എന്ന സന്ദേശത്തിൽ ഊന്നിക്കൊണ്ടാണ് ഈ വർഷത്തെ ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നത്. കേരളത്തിലെ മുൻ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചർ മുഖ്യാതിഥിയായി എത്തും. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ്, ഇന്ത്യയിൽ നിന്നും, ഒമാനിൽ നിന്നുമുള്ള കലാ - സാംസ്കാരിക-സാമൂഹിക മണ്ഡലങ്ങളിലെ മറ്റ് പ്രമുഖ വ്യക്തികൾ തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യയുടെ വൈവിധ്യത്തെയും കലാ സാംസ്കാരിക പാരമ്പര്യത്തെയും ഉൾകൊള്ളുന്ന സംഗമത്തിൽ ഇന്ത്യയിലെ വിവിധ കലാ രൂപങ്ങൾക്ക് ഒപ്പം ഒമാനിലെ തനത് കലാരൂപങ്ങളും അരങ്ങേറും. നാട്ടിൽ നിന്നും എത്തുന്ന തൃശൂർ ജനനയനയുടെ ഇരുപതോളം കലാകാരൻമാരോടൊപ്പം ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് കേരള വിഭാഗത്തിന്റെ കലാകാരികളും കലാകാരന്മാരും ഉൾപ്പെടെ നാനൂറിലേറെ കലാകാരൻമാർ വേദിയിൽ കലാപരിപാടികൾ അവതരിപ്പിക്കും.

മലയാള സിനിമാ രംഗത്ത് തങ്ങളുടേതായ സംഭാവനകൾ നൽകിയ ഒരു കലാകാരനോ കലാകാരിക്കോ കൈരളി- ജെ കെ ഫിലിംസ് അവാർഡ് എന്ന പേരിൽ ഈ വർഷം മുതൽ ഐ.സി.എഫ് വേദിയിൽ വച്ച് അവാർഡ് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമായിരിക്കും അവാർഡ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമ രംഗത്തുള്ള ഓമന ഔസേപ്പാണ് പ്രഥമ കൈരളി- ജെ കെ ഫിലിംസ് അവാർഡിന് അർഹയായിട്ടുളളത്.

ഒമാനിലെ എല്ലാ സ്കൂളുകളിലെയും വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്ന ശാസ്ത്ര പ്രദർശന മത്സരവും ഉണ്ടായിരിക്കും. ഇന്ത്യൻ സ്കൂളുകൾക്ക് പുറമെ ഇന്റർനാഷണൽ സ്കൂളുകളും പങ്കെടുക്കുന്ന ശാസ്ത്ര പ്രദർശന മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിക്ക് പ്രവേശനം സൗജന്യമായിരിക്കും. ഏകദേശം അരലക്ഷത്തിലധികമുള്ള ജനപങ്കാളിത്തമാണ് പരിപാടിയിൽ പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് കേരളാ വിഭാഗം കൺവീനർ സന്തോഷ് കുമാർ, സംഘാടക സമിതി ചെയർമാൻ വിൽസൺ ജോർജ്, സംഘാടക സമിതി അംഗങ്ങളായ അഡ്വക്കേറ്റ് ഗിരീഷ്, എം കെ അംബുജാക്ഷൻ, കെ.വി.വിജയൻ, ഷാഹി സ്പൈസസ് എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുൾ റഹ്മാൻ, മാർക്കറ്റിംഗ് മാനേജർ ശ്രീജിത്ത് എന്നിവരോടൊപ്പം മറ്റ് സംഘാടക സമിതി അംഗങ്ങളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Read also: ഉംറ നിര്‍വഹിക്കുന്നതിനിടെ ഹൃദയാഘാതം; ഇന്ത്യക്കാരന്റെ ജീവൻ രക്ഷിച്ച് റെഡ് ക്രസന്റ് സംഘം